മലപ്പുറം: വാഴക്കാട് അശ്രദ്ധമായി വന്ന വാഹനം കാൽ നട യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു. വാഴക്കാട് പിഎച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ആഷിത, കൂടെയുണ്ടായിരുന്ന അപർണ എന്നിവരെയാണ് കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് ഗുരുതരമായി പരുക്കേറ്റു. 2023 ജൂൺ 13 ന് ഉച്ചയ്ക്കാണ് അപകടം നടന്നത്. വാഴക്കാട് എസ്ബിഐ ബാങ്കിന് മുന്നിലൂടെ നടന്നുപോകുകയായിരുന്നവർക്ക് നേരെയാണ് വാഹനം പാഞ്ഞടുത്തത്.
അമിത വേഗതയിൽ വന്ന കാർ ഇടിച്ച് അപർണ റോഡിന്റെ ഒരുവശത്തേക്ക് വീണുപോയി. എന്നാൽ ആഷിതയെ കാർ ഇടിച്ചുതെറിപ്പിക്കുകയും ഇവർ റോഡിന്റെ എതിർദിശയിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. കാർ പിന്നെയും 50 മീറ്ററോളം മുന്നിലേക്ക് പോയി ഒരു ബൈക്കിലിടിച്ചാണ് നിന്നത്. കാലിന് ഗുരുതരമായി പരുക്കേറ്റ ഹെൽത്ത് ഇൻസ്പെക്ടറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.