ജില്ലകളുടെ ഭരണചക്രം തിരിച്ച് ‘പവർ കപ്പിൾസ്’

തിരുവനന്തപുരം: കോട്ടയം-എറണാകുളം ജില്ലകളുടെ ഭരണതലപ്പത്ത് ദമ്പതികൾ. എറണാകുളം ജില്ലാ കളക്ടറായി എൻ എസ് കെ ഉമേഷ് ചുമതല ഏറ്റെടുത്തതിനു പിന്നാലെ കോട്ടയം കളക്ടറായി ഭാര്യ വി വിഗ്‌നേശ്വരിയാണ് എത്തിയത്. കോട്ടയത്തിന്റെ സമഗ്രപുരോഗതിക്ക് നൂതന ഇടപെടലുകൾ നടത്തുമെന്നാണ് വിഗ്‌നേശ്വരിയുടെ പ്രഖ്യാപനം.

2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥ വി വിഗ്‌നേശ്വരി കോട്ടയം ജില്ലാ കളക്ടർ ആയാണ് ചുമതല ഏറ്റെടുത്തത്. സകുടുംബം എത്തിയാണ് പുതിയ കളക്ടർ ജില്ലയുടെ ഭരണസാരഥിത്യം ഏറ്റെടുത്തത്. സോഷ്യൽ മീഡിയ ക്യാമ്പയിൻ വഴി ജില്ലയെ കുറിച്ച് പഠിക്കാനും നൂതന പദ്ധതികൾ നടപ്പാക്കാനുമാണി വിഗ്‌നേശ്വരിടെ ആദ്യ ശ്രമം. അതിനുള്ള പ്രാഥമിക നടപടികൾ ആരംഭിക്കുകയും ചെയ്തു. കെ ടി ഡി സി എംഡി ആയും കോളേജിയേറ്റ് എജ്യൂക്കേഷൻ ഡയറക്ടറായും പ്രവർത്തിച്ച പരിചസമ്പത്ത് വിഗ്‌നേശ്വരിക്ക് കരുത്താണ്.

തൊട്ടടുത്ത ജില്ലയായ എറണാകുളത്തിന്റെ കളക്ടർ എൻഎസ്‌കെ ഉമേഷ് വിഘ്‌നേശ്വരിയുടെ ജീവിത പങ്കാളിയാണ്. മൂന്ന് മാസം മുമ്പ്, ബ്രഹ്‌മപുരം കത്തിയെരിയുമ്പോഴാണ് ഉമേഷ് കളക്ടർ സ്ഥാനത്തെത്തുന്നത്. കടുത്ത വെല്ലുവളിയുടെ നാളുകളിൽ ജില്ലയെ നയിക്കുമ്പോഴും കുടുംബമായിരുന്നു ഉമേഷിന്റെ മനസിൽ. സമീപജില്ലയിലേക്ക് ഭാര്യ കൂടി എത്തിയതോടെ സന്തോഷത്തിലാണ് ഉമേഷ്. ഒപ്പം ക്രിയാത്മക ഭരണത്തിന് പരസ്പര ആശയവിനിമയവും ഇരുവരും ഗുണകരമായി കാണുന്നു.

Share
അഭിപ്രായം എഴുതാം