കൊച്ചി: കേരളത്തിൽ മൺസൂൺ വൈകാൻ കാരണം പസഫിക് മേഖലയിൽ രൂപപ്പെട്ട മാവർ കൊടുങ്കാറ്റ് ആയിരിക്കാമെന്ന് വിദഗ്ധർ. ഇതു ദുർബലമായി വരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ചയോടെ മൺസൂൺ കേരളത്തിലെത്തുമെന്നാണ് നിഗമനം.
ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് മാഡ്ഡൻ-ജൂലിയൻ ഓസിലേഷൻ എന്നറിയപ്പെടുന്ന പ്രതിഭാസം എത്തുന്നതു തടഞ്ഞുനിർത്തിയിരിക്കുന്നത് മാവർ കൊടുങ്കാറ്റിന്‍റെ സാന്നിധ്യമാണ്. മേഘങ്ങളും മഴയും കാറ്റും മർദവുമെല്ലാമടങ്ങുന്ന ഈ ഓസിലേഷൻ ഉഷ്ണമേഖലയാകെ സഞ്ചരിക്കുന്നതാണ്. 30 മുതൽ 60 ദിവസംകൊണ്ട് ഉദ്ഭവിച്ച സ്ഥാനത്തു തന്നെ തിരിച്ചെത്തുകയും ചെയ്യും. ഇതിന്‍റെ സഞ്ചാരപഥത്തിലും ശക്തിയിലും വരുന്ന മാറ്റങ്ങളെല്ലാം കേരളത്തിലെ മൺസൂൺ ആഗമനത്തെ സ്വാധീനിക്കുന്നതുമാണ്.
സാധാരണഗതിയിൽ ജൂൺ ഒന്നിനെത്തുന്ന കാലവർഷം ഇത്തവണ ജൂൺ ആറ് വരെ വൈകാമെന്നാണ് ഏറ്റവും പുതിയ കണക്കുകൂട്ടൽ. മഴമേഘങ്ങൾ ഏതായാലും കടലിനു മുകളിൽ എത്തിക്കഴിഞ്ഞു. എന്നാൽ, കാലാവസ്ഥാ വകുപ്പിന് മൺസൂൺ എത്തിയെന്ന ഔദ്യോഗിക പ്രഖ്യാപനം നടത്താൻ പല ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്.
തെക്കുകിഴക്കൻ അറബിക്കടലിൽ തിങ്കളാഴ്ച രൂപപ്പെടുന്ന ചക്രവാതച്ചുഴി മേഖലയിൽ 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം രൂപപ്പെടുത്തുമെന്നാണ് കരുതുന്നത്.




