കമ്പം: അരിക്കൊമ്പനെ കണ്ട് ഭയന്ന് വാഹനത്തിൽ നിന്ന് വീണ കമ്പം സ്വദേശി മരിച്ചു. തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാൽ രാജ് (65) ആണ് മരിച്ചത്. 2023 മെയ് 30 ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.
മെയ് 27 ശനിയാഴ്ച കമ്പം നഗരത്തിൽ ഇറങ്ങിയ ആനയുടെ മുന്നിൽ ഇദ്ദേഹം പെട്ടിരുന്നു. ഇതോടെ വാഹനത്തിൽനിന്ന് നിലത്ത് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കമ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനിലയിൽ ഗുരുതരമായി തുടർന്നതോടെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണുള്ളത്
അതേസമയം അരിക്കൊമ്പൻ രാത്രി യാത്ര കുറച്ചതായും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. 30ന് പുലർച്ചെ ലഭിച്ച സിഗ്നൽ പ്രകാരം ആന സഞ്ചരിച്ചത് വെറും ഒരു കിലോമീറ്റർ ദൂരം മാത്രമാണ്. ഷൺമുഖനാഥൻ കോവിൽ പരിസരത്താണ് നിലവിൽ അരിക്കൊമ്പനുള്ളത്. ക്ഷേത്രത്തിലേക്കുള്ള രണ്ട് പ്രധാന വഴികളും തമിഴ്‌നാട് വനംവകുപ്പ് അടച്ചിട്ടുണ്ട്.