ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വിരിച്ച കാര്‍പറ്റ് നിര്‍മിച്ചത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള 900 കൈപ്പണിക്കാര്‍ ചേര്‍ന്ന്. ബോധിനി, മിര്‍സപുര്‍ ജില്ലകളില്‍ നിന്നുള്ള കൈപ്പണിക്കാര്‍ 10 ലക്ഷം മണിക്കൂര്‍ ചെലവഴിച്ചാണ് രാജ്യസഭയിലേയും ലോക്‌സഭയിലേയും കാര്‍പറ്റുകള്‍ നെയ്തത്.100 വര്‍ഷം പഴക്കമുള്ള ഒബീട്ടി എന്ന ഇന്ത്യന്‍ കാര്‍പറ്റ് കമ്പനിയാണ് നിര്‍മാണം ഏറ്റെടുത്തത്. ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും 150 വീതം കാര്‍പറ്റുകള്‍ നിര്‍മിച്ചു. 35,000 ചതുരശ്രയടി സ്ഥലത്താണ് കാര്‍പറ്റ് വിരിച്ചത്. വളരെ ശ്രമകരമായ ദൗത്യമായിരുന്നുവെന്നും അതീവ ശ്രദ്ധയോടെയാണ് നിര്‍മാണം നടത്തിയതെന്നും ഒബീട്ടി കാര്‍പെറ്റേഴ്‌സ് ചെയര്‍മാന്‍ രുദ്ര ചാറ്റര്‍ജി പറഞ്ഞു.
രാജ്യസഭയില്‍ ചുവപ്പും ലോക്‌സഭയില്‍ മയില്‍ പച്ചയുമാണ് ഉപയോഗിച്ചിരിക്കുന്നത്. 2020 കോവിഡ് കാലത്താണ് പദ്ധതി ഏറ്റെടുത്തത്. 2021 സ്‌പെറ്റംബറില്‍ തുന്നല്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചു. 2022 നവംബറോടുകൂടി കാര്‍പറ്റ് പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
900 കൈപ്പണിക്കാര്‍ ചേര്‍ന്ന് നിര്‍മിച്ച കാര്‍പറ്റ് പുതിയ പാര്‍ലമെന്റില്‍
