വടക്കൻ പാകിസ്താനിൽ ഹിമപാതം. നാല് വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ നാടോടി ഗോത്രത്തിൽപ്പെട്ട 11 പേർ മരിച്ചു. മരിച്ചവരിൽ നാല് സ്ത്രീകളും നാല് വയസ്സുള്ള ആൺകുട്ടിയും ഉൾപ്പെടുന്നുവെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ എട്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്.25 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പർവത മേഖലയിലെ ആസ്റ്റോർ ജില്ലയിലെ ഷൗണ്ടർ ടോപ്പ് പാസിലാണ് ദുരന്തം. ആട്ടിൻകൂട്ടവുമായി ഗുജ്ജർ കുടുംബം പർവതപ്രദേശം മുറിച്ചുകടക്കുന്നതിനിടെയാണ് മഞ്ഞുവീഴ്ചയുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണ്.
പാക്ക് അധീന കശ്മീരിലെ ഗിൽജിത് ബാൾട്ടിസ്ഥാൻ മേഖലയിലെ അസ്റ്റോർ ജില്ലയെ ആസാദ് കശ്മീരിലേക്ക് ബന്ധിപ്പിക്കുന്ന ചുരത്തിന്റെ ഭാഗത്താണ് ഹിമപാതമുണ്ടായത്. ദുർഘടമായ ഭൂപ്രദേശമായതിനാൽ രക്ഷാപ്രവർത്തകർക്ക് പ്രദേശത്തെത്താൻ വെല്ലുവിളികൾ നേരിടുന്നണ്ട്. പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചതായും പാകിസ്താൻ സൈനികരും ഓപ്പറേഷനിൽ ചേർന്നുവെന്നും പൊലീസ് പറഞ്ഞു. പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപകടത്തിൽ ദുഖം രേഖപ്പെടുത്തി, കാലാവസ്ഥാ വ്യതിയാനം മൂലം ഹിമപാതങ്ങൾ പോലുള്ള സംഭവങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു