ഖാര്‍ത്തൂം: യുദ്ധസമാന സാഹചര്യങ്ങളുള്ള സുഡാനിലെ റബാക്ക് നഗരത്തില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ഒടുവില്‍ നാട്ടിലേക്കു തിരിക്കുന്നു. ആദ്യഘട്ടത്തില്‍ ഇവരില്‍ എണ്‍പതോളം പേര്‍ക്കു നാവികസേനാ കപ്പലില്‍ മടക്കയാത്ര ക്രമീകരിച്ചതായാണ് വിവരം. ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ഇതുവരെ രണ്ടായിരത്തോളം ഇന്ത്യന്‍ പൗരന്മാരെ വിവിധ ഘട്ടങ്ങളിലായി സുഡാനില്‍നിന്ന് രക്ഷിച്ചു. അതിരൂക്ഷ ഏറ്റുമുട്ടല്‍ നടക്കുന്ന തലസ്ഥാന നഗരമായ ഖാര്‍ത്തൂം ഉള്‍പ്പെടെയുള്ള പ്രശ്‌നബാധിത മേഖലകളില്‍നിന്ന് ബസുകളിലാണ് ഇന്ത്യക്കാരെ സുഡാന്‍ തുറമുഖത്ത് എത്തിക്കുന്നത്. ഇവിടെനിന്ന് വ്യോമസേനാ വിമാനങ്ങളിലും നാവികസേനാ കപ്പലുകളിലുമായി സൗദി അറേബ്യയിലെ ജിദ്ദയിലെത്തിച്ചാണ് മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്. അതിനിടയിലാണ് റബാക്ക് നഗരത്തില്‍ നിരവധി ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഇവിടം കേന്ദ്രീകരിച്ചുള്ള ദൗത്യശ്രമങ്ങള്‍ ഊര്‍ജിതമാക്കി.
മേഖലയിലെ പഞ്ചസാര ഫാക്ടറിയില്‍ സൂപ്പര്‍വൈസറായ മെന്‍ഡസെന്ന മഹാരാഷ്ട്ര സ്വദേശി നല്‍കിയ വിവരമനുസരിച്ച് 450 ഇന്ത്യക്കാര്‍ ഈ ഫാക്ടറിയില്‍ മാത്രം ജോലിക്കാരായുണ്ട്. എംബസി ഉദ്യോഗസ്ഥരും ട്രാവല്‍ ഏജന്‍സി പ്രതിനിധികളും കമ്പനി മാനേജ്‌മെന്റും പങ്കെടുത്ത യോഗത്തില്‍ നാട്ടിലേക്കു മടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്കു സൗകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. ഇതനുസരിച്ച് കരാര്‍ കാലാവധി കഴിഞ്ഞ 60 തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും അടക്കം എണ്‍പതോളംപേര്‍ക്ക് ഞായറാഴ്ച പുറപ്പെടുന്ന ആദ്യബാച്ചില്‍ മടക്കയാത്ര ക്രമീകരിച്ചു.
സുഡാന്‍ തുറമുഖത്തേക്ക് ഇവിടെനിന്ന് 1,100 കിലോമീറ്ററുണ്ട്. വരുംദിവസങ്ങളില്‍ വിവിധ ബാച്ചുകളിലായി കൂടുതല്‍ ഇന്ത്യക്കാരെ സുഡാന്‍ തുറമുഖത്തെത്തിക്കും. അവിടെനിന്ന് നാവികസേനാ കപ്പലില്‍ സൗദിയിലെത്തിച്ചശേഷം വിമാനത്തില്‍ നാട്ടിലേക്കു കൊണ്ടുപോകുമെന്നാണ് അറിയിച്ചിരിക്കുന്നത്-മെന്‍ഡസ് പറഞ്ഞു. നിലവില്‍ 400 കിലോമീറ്റര്‍ അകലെയാണ് െസെന്യവും അര്‍ധെസെനികവിഭാഗവും ഏറ്റുമുട്ടുന്നത്. എന്നാല്‍, സമീപഭാവിയില്‍ത്തന്നെ പോരാട്ടം തങ്ങള്‍ കഴിയുന്ന മേഖലയിലേക്കു വ്യാപിച്ചേക്കാമെന്ന ആശങ്കയിലാണ് തൊഴിലാളികളെന്നും മെന്‍ഡസ് പറഞ്ഞു.
അതേസമയം, റബാക്കില്‍ തങ്ങളുടെ ജില്ലക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്നു പുനെ ജില്ലാ ദുരന്ത നിവാരണ സെല്‍ അധികൃതര്‍ പറഞ്ഞു. ഇവരുടെ കുടുംബാംഗങ്ങള്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. മുബൈ ആസ്ഥാനമായുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നും ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു.



