ന്യൂഡല്‍ഹി: സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ പോരാട്ടം കനത്ത സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ അവിടത്തെ നയതന്ത്ര കാര്യാലയത്തിലേക്കു പോകരുതെന്നു കേന്ദ്രസര്‍ക്കാര്‍. എംബസി തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും യുദ്ധം നടക്കുന്ന മേഖലയില്‍ വിമാനത്താവളത്തിനു സമീപമുള്ള കെട്ടിടമായതിനാല്‍ ജീവനക്കാരാരും അവിടെ താമസിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. ഇക്കാര്യം അവിടെയുള്ളവരെ ധരിപ്പിച്ചിട്ടുണ്ടെന്നും സുരക്ഷിതരായിരിക്കാനുള്ള ഉപദേശം അവര്‍ക്കു നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”സുഡാനില്‍ എത്ര ഇന്ത്യക്കാരുണ്ട് എന്നതിനെക്കുറിച്ചു ധാരണകളുണ്ട്. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം അവരുടെ എണ്ണവും താമസസ്ഥലങ്ങളുടെ വിവരങ്ങളും പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ല. സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകള്‍ കണ്ടശേഷം ചില ഇന്ത്യക്കാരെ ബന്ധപ്പെട്ടിരുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.” ബാഗ്ചി പറയുന്നു. സുഡാനിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്യുന്നവര്‍ നഗരത്തിലെ വീടുകളിലാണു താമസിക്കുന്നതെന്നും അദ്ദേഹം തുടര്‍ന്നു.
സൈന്യവും അര്‍ദ്ധെസെനിക വിഭാഗവും തമ്മിലാണ് സുഡാനില്‍ ആഭ്യന്തര പോരാട്ടം നടക്കുന്നത്. സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും ഉപമേധാവി മുഹമ്മദ് ഹംദാന്‍ ദാഗ്ലോയും നയിക്കുന്ന ഇരു വിഭാഗങ്ങള്‍ തമ്മില്‍ യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഒരാഴ്ച മുമ്പാരംഭിച്ച പോരാട്ടത്തില്‍ ഇതിനോടകം മുന്നൂറോളം പേര്‍ കൊല്ലപ്പെട്ടു. ഖാര്‍ത്തൂമിലെ ഭൂരിഭാഗം ആളുകളും വൈദ്യുതിയും ഭക്ഷണവും വെള്ളവുമില്ലാതെ അടച്ചിട്ട വീടുകളില്‍ കഴിയുകയാണെന്നാണ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. അവശ്യ സാധനങ്ങളുടെ വിതരണത്തിനും സുരക്ഷിതമായ മാര്‍ഗമൊരുക്കലിനും സാഹചര്യം സൃഷ്ടിക്കുന്നതിനെക്കുറിച്ച് സുഡാന്‍ സൈന്യവുമായും അര്‍ധെസെനിക വിഭാഗവുമായും ഇന്ത്യ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വിദേശമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഔദ്യോഗിക സന്ദര്‍ശനത്തിനായി തെക്കേ അമേരിക്കയിലേക്കു പോയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ സുഡാന്‍ സ്ഥിതിഗതികള്‍ പിന്നാലെ അറിയിക്കുമെന്നും പറയുന്നു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ വേണ്ടത്ര പ്രവര്‍ത്തിക്കുന്നില്ലെന്നാരോപിച്ച കര്‍ണാടക കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയെ ജയശങ്കര്‍ ഇതിനിടെ വിമര്‍ശിക്കുകയും ചെയതു. നിങ്ങളുടെ ട്വീറ്റ് കണ്ട് ഞെട്ടിപ്പോയെന്നും ജീവനുകള്‍ അപകടത്തിലാകുന്ന സാഹചര്യത്തില്‍ രാഷ്ട്രീയമരുതെന്നുമായിരുന്നു മന്ത്രിയുടെ വിമര്‍ശനം. പോരാട്ടം ആരംഭിച്ചതു മുതല്‍ ഖാര്‍ത്തൂമിലെ എംബസി ഇന്ത്യന്‍ പൗരന്മാരുമായും ഇന്ത്യന്‍ വംശജരുമായും തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
സൈന്യത്തിന്റെ വെടിനിര്‍ത്തലിനു ശേഷം അക്രമം, ഏഴാം ദിവസത്തിലേക്കു കടന്നപ്പോള്‍ ഖാര്‍ത്തൂമിലെ രാജ്യാന്തര വിമാനത്താവളത്തിനും സൈനിക ആസ്ഥാനത്തിനും ചുറ്റുമുള്ള കെട്ടിടങ്ങളില്‍നിന്ന് കനത്ത പുക ഉയര്‍ന്നതായാണു റിപ്പോര്‍ട്ട്. സൈന്യം ചെയ്തതുപോലെ ബുധനാഴ്ച 24 മണിക്കൂര്‍ നേരത്തേക്ക് പൂര്‍ണ വെടിനിര്‍ത്തലിനു തയാറാണെന്ന് അര്‍ധെസെനിക വിഭാഗവും അറിയിച്ചിരുന്നെങ്കിലും രാത്രിവരെ വെടിയൊച്ചകള്‍ അവസാനിച്ചിരുന്നില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.