മിഴി തുറന്ന് എ.ഐ.

തിരുവനന്തപുരം: ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ റോഡുകളില്‍ 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ)ക്യാമറകള്‍ മിഴി തുറന്നു. എ.ഐ. സേഫ്റ്റി കാമറകള്‍, പി.വി.സി. പെറ്റ്ജി കാര്‍ഡ് ഡ്രൈവിങ് െലെസന്‍സ് എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.

ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് വരുന്ന ഒരു മാസം പിഴ ചുമത്തില്ലെന്ന് അധ്യക്ഷത വഹിച്ച മന്ത്രി ആന്റണി രാജു അറിയിച്ചു. ഒരു മാസം എ.ഐ. ക്യാമറ ബോധവത്കരണ മാസമാണ്. അടുത്ത മാസം 20 മുതല്‍ നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തും. ദേശീയ, സംസ്ഥാന പാതകള്‍ക്ക് പുറമെ മറ്റ് പാതകളില്‍ കൂടി കാമറ വയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സേഫ് കേരള പദ്ധതി ആവിഷ്‌കരിച്ച ശേഷം റോഡപകടം മൂലമുള്ള മരണനിരക്കില്‍ നേരിയ കുറവുണ്ട്.
എന്നാല്‍, പരിശോധനകള്‍ ചില ഘട്ടങ്ങളില്‍ ജനങ്ങള്‍ക്കു ബുദ്ധിമുട്ടായി അനുഭവപ്പെട്ടു. സഞ്ചാരം സുഗമമാക്കുന്നതിനും നിയമലംഘനം കണ്ടെത്തുന്നതിനും വേണ്ടിയാണ് ആധുനിക സങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. വലിയ തോതില്‍ ഉപകാരപ്രദമാകുന്ന പദ്ധതികളാണ് എ.ഐ. കാമറയും ഡിജിറ്റല്‍ ലൈസന്‍സും. റോഡപകടം മൂലമുള്ള മരണങ്ങള്‍ സംസ്ഥാനം നേരിടുന്ന ദുരന്തമായി കണ്ട് അതിനെ ചെറുക്കാന്‍ കൂട്ടായ പ്രവര്‍ത്തനം നടത്തേണ്ടതുണ്ട്. പുതുതലമുറ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണം. റോഡപകടത്തിലൂടെ ജീവന്‍ നഷ്ടപ്പെടാതിരിക്കുക, ശാരീരിക അവശതയിലേക്ക് എത്താതിരിക്കുക തുടങ്ങിയവയാണു സേഫ് കേരള ലക്ഷ്യമിടുന്നത്. 85 സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.- മുഖ്യമന്ത്രി പറഞ്ഞു.

  • സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സും സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറി. ഏഴിലധികം സുരക്ഷാ സംവിധാനങ്ങളൊരുക്കിയ പി.വി.സി. പെറ്റ്ജി കാര്‍ഡിലുള്ള ലൈസന്‍സുകളാണ് നിലവില്‍ വരുന്നത്. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം രൂപകല്‍പ്പന ചെയ്താണ് ലൈസന്‍സ് കാര്‍ഡുകള്‍. സീരിയല്‍ നമ്പര്‍, യു.വി. എംബ്ലം, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്‌സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യൂ.ആര്‍. കോഡ് എന്നിങ്ങനെ 7 സുരക്ഷ ഫീച്ചറുകളാണ് പുതിയ ലൈസന്‍സ് കാര്‍ഡില്‍ ഉള്ളത്.
  • രാത്രിയിലുള്‍പ്പെടെ നടക്കുന്ന നിയമലംഘനങ്ങള്‍ വ്യക്തതയോടെ തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ് എ.ഐ. ക്യാമറകളുടെ സവിശേഷത. വാഹനത്തിനകത്ത് ഇരിക്കുന്നവരുടേതടക്കം വ്യക്തമായ ചിത്രം ലഭിക്കും. ചിത്രങ്ങള്‍ അഞ്ചുവര്‍ഷത്തേക്ക് സൂക്ഷിക്കാന്‍ ശേഷി കാമറകള്‍ക്കുണ്ടെങ്കിലും ഒരു വര്‍ഷം സൂക്ഷിക്കാനാണ് തീരുമാനം.
  • നിയമലംഘനം കണ്ടെത്തുന്ന ക്യാമറയില്‍നിന്നുള്ള ദൃശ്യം തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലേക്ക് എത്തും. അവിടെനിന്ന് ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് വിവരങ്ങള്‍ കൈമാറും. തുടര്‍ന്ന് ഉടമകളുടെ മേല്‍വിലാസത്തിലേക്ക് നോട്ടീസ് എത്തും. ഫോണ്‍ നമ്പറിലേക്ക് പിഴ സംബന്ധിച്ച സന്ദേശവും ലഭിക്കും. നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ ഇരട്ടിത്തുക കോടതിയില്‍ അടയ്‌ക്കേണ്ടിവരും. അക്ഷയകേന്ദ്രങ്ങള്‍ വഴി പിഴ അടയ്ക്കാനുള്ള സംവിധാനമുണ്ട്.
  • കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നുപേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചാലും പിഴയുണ്ടാകും. കാറില്‍ കൈക്കുഞ്ഞുങ്ങളെ പിന്‍സീറ്റില്‍ മുതിര്‍ന്നവര്‍ക്കൊപ്പമോ ബേബി സീറ്റിലോ ഇരുത്തണമെന്നാണു ചട്ടം.
Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →