തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ മേയ് എട്ടിന് പണിമുടക്ക് നടത്തുമെന്ന് ബി.എം.എസ്. യൂണിയന്‍. അഞ്ചാം തീയതിക്കകം ശമ്പളം നല്‍കിയില്ലെങ്കില്‍ പണിമുടക്കുമെന്നാണു മുന്നറിയിപ്പ്. അതേസമയം, വിഷയത്തില്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി. സംയുക്ത യൂണിയനുകള്‍ ഹെഡ് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് തമ്പാനൂര്‍ ബസ് സ്‌റ്റേഷനില്‍ ജീവനക്കാര്‍ പട്ടിണി സമരവും നടത്തുന്നുണ്ട്.
2023 മാര്‍ച്ച് 15 വരെയുള്ള ശമ്പളമാണ് ഇതുവരെ വിതരണം ചെയ്തത്. ബാക്കി എപ്പോള്‍ നല്‍കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിട്ടില്ല. 84 കോടി രൂപയാണ് ഒരു മാസം ശമ്പളത്തിനായി വേണ്ടത്. 50 കോടി രൂപ സര്‍ക്കാര്‍ നല്‍കും. ശേഷിക്കുന്ന തുക കെ.എസ്.ആര്‍.ടി.സി. കണ്ടെത്തും. ശമ്പളത്തിനായി ഇനിയും പൈസ നല്‍കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മാര്‍ച്ചില്‍ 230 കോടി രൂപ മാസവരുമാനം ലഭിച്ചിട്ടും ജീവനക്കാര്‍ക്ക് ദുരിതം മാത്രമെന്നാണ് യൂണിയനുകളുടെ ആക്ഷേപം. സര്‍ക്കാര്‍ സഹായമായി 50 കോടി രൂപ മാനേജ്‌മെന്റ് ചോദിച്ചെങ്കിലും ധനവകുപ്പ് തീരുമാനമെടുത്തിട്ടില്ല. യഥാര്‍ഥ്യബോധത്തോടെ ചിന്തിച്ചാല്‍ പ്രതിഷേധിക്കേണ്ടിവരില്ലെന്നായിരുന്നു മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. ശമ്പളം ഇതുവരെ മുടങ്ങിയിട്ടില്ല. അഞ്ചാം തീയതിക്ക് മുമ്പ് ആദ്യ ഗഡു നല്‍കി. ധനവകുപ്പ് പണം അനുവദിച്ചാല്‍ ശമ്പളം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

