മഅദനി കേരളത്തിലേക്ക്

ന്യൂഡല്‍ഹി: ബംഗളുരു സ്‌ഫോടനപരമ്പര കേസിലെ പ്രതിയും പി.ഡി.പി. നേതാവുമായ അബ്ദുള്‍ നാസര്‍ മഅദനിക്കു കേരളത്തിലെത്താന്‍ സുപ്രീം കോടതി ജാമ്യവ്യവസ്ഥയില്‍ ഇടക്കാല ഇളവനുവദിച്ചു. ആയുര്‍വേദചികിത്സയ്ക്കും രോഗിയായ പിതാവിനെ കാണാനുമായി നാട്ടിലേക്കു മടങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നിലവില്‍ ബംഗളുരുവില്‍ കഴിയുന്ന മഅദനിയുടെ ഹര്‍ജി. ഇതു പരിഗണിച്ച സുപ്രീം കോടതി, ജൂലൈ എട്ടുവരെ കേരളത്തില്‍ കഴിയാന്‍ അനുമതി നല്‍കി.

നാട്ടില്‍ കേരളാ പോലീസിന്റെയും കര്‍ണാടക പോലീസിന്റെയും കാവലിലാകും മഅദനി. അനുഗമിക്കുന്ന കര്‍ണാടക പോലീസിന്റെ ചെലവ് മഅദനി വഹിക്കണമെന്നും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം. ത്രിവേദി എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടു. കേരളത്തിലേക്കു കൂടുതല്‍ പോലീസുകാര്‍ അനുഗമിക്കരുതെന്നു മഅദനിയുടെ അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലായതിനാല്‍ കേരളത്തില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള മഅദനിയുടെ ഹര്‍ജി സുപ്രീം കോടതി ജൂലൈ 10-നു പരിഗണിക്കും. മഅദനി സ്ഥിരം കുറ്റവാളിയാണെന്നും ഇളവ് നല്‍കി, കേരളത്തിലേക്കു പോകാന്‍ അനുവദിക്കരുതെന്നുമാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം കോടതി അംഗീകരിച്ചില്ല. സാക്ഷിയെ ഭീഷണിപ്പെടുത്തിയതിനു കേസുണ്ടെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ വാദം.

തനിക്ക് ഒരു ഭീകരസംഘടനയുമായും ബന്ധമില്ലെന്നു മഅദനി കോടതിയില്‍ ബോധിപ്പിച്ചു. പ്രതി ചേര്‍ത്തതു ഗൂഢാലോചനാ കേസില്‍ മാത്രമാണ്. വൃക്ക തകരാറിലായതിനാല്‍ മാറ്റിവയ്ക്കാന്‍ ചികിത്സ തേടണം. അതിനാണു നാട്ടിലേക്കു മടങ്ങാന്‍ അനുമതി തേടിയത്. ദിവസവും വിചാരണ നടക്കുന്നുണ്ടെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം തെറ്റാണ്. മാസത്തില്‍ നാലുദിവസം മാത്രമാണു വിചാരണ. സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കില്ല. മുമ്പ് ജാമ്യം ലഭിച്ചപ്പോഴും വ്യവസ്ഥകള്‍ പാലിച്ചിരുന്നെന്നു മഅദനി മറുപടി സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു. ആരോഗ്യനില വ്യക്തമാക്കുന്ന ചിത്രങ്ങളും സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ചിരുന്നു. 2008 ജൂലൈ 25-നു നടന്ന ബംഗളുരു സ്‌ഫോടനപരമ്പരയില്‍ ഒരാള്‍ മരിക്കുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ 31 പ്രതികളാണുള്ളത്. 31-ാം പ്രതിയാണു മഅദനി.

മഅദനി വ്യാഴാഴ്ച കേരളത്തിലെത്തുമെന്നു സംസ്ഥാന സെക്രട്ടറിമാരായ നിസാര്‍ മേത്തര്‍, നൗഷാദ് തിക്കോടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റോഡ് മാര്‍ഗമായിരിക്കും യാത്ര. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് സൗകര്യപ്രദമായ ആശുപത്രിയിലേക്ക് കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഇന്നു ചേരുന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കോടതിവിധി നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വര്‍ധിപ്പിച്ചതായി നേതാക്കള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →