തിരുവനന്തപുരം-കണ്ണൂര്‍: 7.10 മണിക്കൂര്‍

കണ്ണൂര്‍: തിരുവനന്തപുരത്തുനിന്ന് ഏഴ് മണിക്കൂര്‍ 10 മിനിറ്റ് കൊണ്ട് വന്ദേഭാരത് കണ്ണൂരില്‍ കുതിച്ചെത്തി. ഇതേ റൂട്ടിലെ വേഗമേറിയ ട്രെയിനായ ജനശതാബ്ദിയേക്കാള്‍ രണ്ടു മണിക്കൂര്‍ 25 മിനിറ്റ് സമയലാഭമുണ്ടാകും വന്ദേഭാരത് യാത്രയ്ക്ക് എന്ന് ഉറപ്പായി.
17/04/23 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് കോഴിക്കോടുനിന്ന് വന്ദേഭാരത് ട്രെയിന്‍ അവസാന സ്‌റ്റോപ്പായ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലെത്തിയത്. ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്കും റെയില്‍വേ മന്ത്രിക്കും അഭിവാദ്യമര്‍പ്പിച്ചും വന്ദേഭാരത് ട്രെയിനിന് ആശംസ നേരുന്ന ബാനറുകളും കൊടികളുമായാണ് സ്വീകരിച്ചത്. ബാന്‍ഡ് കൊട്ടിയും യാത്രക്കാര്‍ക്ക് മധുരം നല്‍കിയും പ്രവര്‍ത്തകര്‍ സ്വീകരണസമ്മേളനം ഗംഭീരമാക്കി. ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, ദേശീയ നിര്‍വാഹകസമിതി അംഗം സി.കെ. പത്മനാഭന്‍, സംസ്ഥാന സെക്രട്ടറി കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് തുടങ്ങിയവര്‍ സ്വീകരണ സമ്മേളനത്തിന് നേതൃത്വം നല്‍കി.
നേതാക്കള്‍ ലോക്കോ പൈലറ്റിനെ ഹാരാര്‍പ്പണം നടത്തിയും മധുരം നല്‍കിയും സ്വീകരിച്ചു. നൂറുകണക്കിനാളുകളാണ് വന്ദേഭാരത് എക്‌സ്പ്രസ് കാണാന്‍ കണ്ണൂരിലെത്തിയത്. വന്ദേ ഭാരത് കേരളത്തിലൂടെ കൂടുതല്‍ വേഗത്തില്‍ ഓടിക്കാനാകുമെന്നാണു പ്രതീക്ഷയെന്ന് കണ്ണൂരിലേക്കുള്ള ട്രയല്‍ റണ്ണിന് നേതൃത്വം നല്‍കിയ ലോക്കോ പൈലറ്റ് എം.ഐ. കുര്യാക്കോസ് പറഞ്ഞു. ഷൊര്‍ണൂര്‍ പിന്നിട്ടപ്പോള്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ ആണ് സഞ്ചരിച്ചതെന്നും ട്രയല്‍ റണ്‍ മികച്ച അനുഭവം ആയിരുന്നുവെന്നും ലോക്കോ പൈലറ്റ് അഭിപ്രായപ്പെട്ടു. റെയില്‍വേയുടെ നല്ലൊരു കാല്‍വയ്പാണ് വന്ദേഭാരത്. യൂസര്‍ ഫ്രണ്ട്‌ലി ആണ്. കംപ്യൂട്ടര്‍ കണ്‍ട്രോള്‍ഡ് സിസ്റ്റമായതിനാല്‍ ഉപയോഗിക്കാന്‍ എളുപ്പമാണെന്നും ലോക്കോ പൈലറ്റ് പറഞ്ഞു.

ഇതേ പാതയിലെ വേഗമേറിയ ട്രെയിനായ ജനശതാബ്ദിയേക്കാള്‍ രണ്ടുമണിക്കൂര്‍ 25 മിനിട്ട് കുറഞ്ഞസമയത്തിലാണു വന്ദേഭാരതിന്റെ നേട്ടം. നിലവില്‍ തിരുവനന്തപുരത്തുനിന്നു കണ്ണൂരിലെത്തുന്ന ഏറ്റവും വേഗമേറിയ ട്രെയിന്‍ രാജധാനി എക്‌സ്പ്രസാണ്. വൈകിട്ട് 7.15-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന രാജധാനി പുലര്‍ച്ചെ 3.12-നു കണ്ണൂരിലെത്തും. അതായത് എട്ട് മണിക്കൂറോളം. രാജധാനിയേക്കാള്‍ ഒരുമണിക്കൂര്‍ നേരത്തേ വന്ദേഭാരത് കണ്ണൂരിലെത്തി.

തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ 5.10-നാണ് വന്ദേഭാരത് പുറപ്പെട്ടത്. ട്രെയിനിന്റെ വേഗവും പാതയുടെ ക്ഷമതയും നിരീക്ഷിച്ച് തിരുവനന്തപുരം റെയില്‍വേ ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ യാത്രികരായി. 5.59-നു കൊല്ലത്തെത്താന്‍ എടുത്ത സമയം 49 മിനിട്ട്. 7.27-നു കോട്ടയത്ത് (രണ്ടുമണിക്കൂര്‍ 17 മിനിട്ട്). എറണാകുളത്ത് എത്താന്‍ മൂന്നുമണിക്കൂര്‍ 18 മിനിട്ടും കോഴിക്കോട് കടക്കാന്‍ ആറുമണിക്കൂര്‍ എട്ട് മിനിട്ടും. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിക്കു കോട്ടയത്തെത്താന്‍ രണ്ടുമണിക്കൂര്‍ 45 മിനിറ്റ് വേണം. എറണാകുളം-നാലുമണിക്കൂര്‍ 10 മിനിട്ട്, കോഴിക്കോട്-ഏഴുമണിക്കൂര്‍ 50 മിനിട്ട്. തിരുവനന്തപുരം-കണ്ണൂര്‍ പാതയിലെ പ്രധാനപ്പെട്ട മറ്റ് രണ്ട് ട്രെയിനുകള്‍ ജനശതാബ്ദിയും മാവേലി എക്‌സ്പ്രസുമാണ്. പുലര്‍ച്ചെ 4.50-നു കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന ജനശതാബ്ദി ഒന്‍പതുമണിക്കൂര്‍ 20 മിനിട്ട് സമയമെടുത്ത് ഉച്ചകഴിഞ്ഞ് 2.10-നു തിരുവനന്തപുരത്തെത്തും. വന്ദേഭാരതിനേക്കാള്‍ ജനശതാബ്ദിക്കു രണ്ടുമണിക്കൂര്‍ വേഗം കുറവാണ്. ജനശതാബ്ദിക്കു കോട്ടയമെത്താന്‍ രണ്ടുമണിക്കൂര്‍ 45 മിനിട്ടും എറണാകുളമെത്താന്‍ നാലുമണിക്കൂര്‍ 10 മിനിട്ടും കോഴിക്കോട് എത്താന്‍ ഏഴുമണിക്കൂര്‍ 50 മിനിട്ടും വേണം. മാവേലി എക്‌സ്പ്രസിനു വന്ദേഭാരതിനേക്കാള്‍ മൂന്നുമണിക്കൂര്‍ കൂടുതല്‍ വേണം. വൈകിട്ട് 7.25-നു തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന മാവേലി, ആലപ്പുഴ വഴി കണ്ണൂരിലെത്തുന്നതു 10 മണിക്കൂറോളം സമയമെടുത്ത് പുലര്‍ച്ചെ 5.20-നാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →