മസ്തിഷ്‌ക മരണം സംഭവിച്ച ബാലരാമപുരം സ്വദേശി ശരത്കൃഷ്ണന്റെ അവയവങ്ങൾ ദാനം ചെയ്ത് ഭാര്യ അർച്ചന

തിരുവനന്തപുരം: വാഹനാപകടത്തിൽ പരുക്കേറ്റ് മസ്തിഷ്‌ക മരണമടഞ്ഞ ബാലരാമപുരം സ്വദേശി ശരത്കൃഷ്ണന്റെ (32) അവയവങ്ങൾ ദാനം നൽകി ഭാര്യ അർച്ചന. പൂർണ ഗർഭിണിയായിട്ടും തീവ്രദുഃഖത്തിനിടയിലും അവയവദാനത്തിനായി മുന്നോട്ടുവന്ന ശരത്കൃഷ്ണന്റെ ഭാര്യ അർച്ചനയെ ആരോ​ഗ്യമന്ത്രി വീണാ ജോർജ് നന്ദിയറിയിച്ചു. രാത്രിയിൽ തന്നെ വേണ്ട ക്രമീകരണങ്ങളൊരുക്കി 2 ശസ്ത്രക്രിയകളും വിജയകരമാക്കിയ മെഡിക്കൽ കോളേജിലെ മുഴുവൻ ടീമിനെയും ആരോഗ്യമന്ത്രി അഭിനന്ദനം അറിയിക്കുകയും ചെയ്തു. 2023 ഏപ്രിൽ ഏഴിനാണ് തമിഴ്‌നാട് കോവിൽപ്പെട്ടിയിൽ വച്ച് വാഹനാപകടത്തിൽ ശരത്കൃഷ്ണന് ഗുരുതരമായി പരുക്കേറ്റത്.

അവിടത്തെ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സ നൽകി. മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടർന്ന് അവയവദാനത്തിന് ഭാര്യ തയാറാവുകയായിരുന്നു. രണ്ടു വൃക്കകകളും, കണ്ണുകളുമാണ് ദാനം നൽകിയത്. അനുയോജ്യരായ മറ്റു രോഗികൾ കേരളത്തിലും തമിഴ്‌നാട്ടിലുമില്ലാത്തതിനാൽ മറ്റവയവങ്ങൾ എടുക്കാനായില്ല. കെ.സോട്ടോ വഴിയാണ് അവയവ വിന്യാസം നടത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരേസമയം നടന്ന രണ്ടു വൃക്ക മാറ്റിവയ്ക്കയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. 2023 ഏപ്രിൽ 13ന് അതിരാവിലെ 4 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയകൾ 6 മണിക്കൂർ കൊണ്ടാണ് പൂർത്തിയായത്.

എബി പോസിറ്റീവ് രക്ത ഗ്രൂപ്പിൽപ്പെട്ട രോഗികൾ ചികിത്സയിലുള്ളതിനാലാണ് രണ്ടു വൃക്കകളും തിരുവനന്തപുരം മെഡിക്കൽ കോളജിന് ലഭിച്ചത്. രണ്ട് സങ്കീർണ ശസ്ത്രക്രിയകൾ ഒരുമിച്ച് ചെയ്യുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഇതിനുള്ള ക്രമീകരണങ്ങൾ വളരെപ്പെട്ടെന്ന് മെഡിക്കൽ കോളേജിൽ നടത്തിയാണ് ഇത് യാഥാർഥ്യമാക്കിയത്. ഡോക്ടർമാർ, നഴ്‌സുമാർ, മറ്റുള്ളവർ തുടങ്ങി 50ഓളം ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയായിരുന്നു ഈ ശസ്ത്രക്രിയകൾ.

32 വയസ്സുകാരനായ ശരത്, ബാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപറേറ്റീവ് സൊസൈറ്റി തിരുവനന്തപുരംബ്രാഞ്ച് മാനേജരായിരുന്നു. വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും ശരത്തിനെ രക്ഷിക്കാൻ കഴിയാതെ പോയി എന്നും ചികിത്സാ ചെലവ് പൂർണമായും ബിഎൽഎം ഏറ്റെടുത്തതായും പൂർണ ഗർഭിണിയായ ഭാര്യയ്ക്ക് ശരത്തിന്റെ ശമ്പളം മുടങ്ങാതെ നൽകുമെന്നും, പ്രസവശേഷം നല്ല പോസ്റ്റിൽ ജോലി നൽകുമെന്നും ബിഎൽഎം സിഎംഡി ആർ.പ്രേംകുമാർ അറിയിച്ചു.

2022 ഫ്രെബ്രുവരിയിലായിരുന്നു മലയിൻകീഴ് സ്വദേശിയായ അർച്ചനയുമായുള്ള ശരത്തിന്റെ വിവാഹം. രാധാകൃഷ്ണൻ നായർ, ലീലാദേവി എന്നിവർ മാതാപിതാക്കളാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →