കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് പിന്‍വലിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിനു മുമ്പാകെയാണു കേന്ദ്രം അറിയിപ്പു നല്‍കിയത്.
നടപടികള്‍ നിര്‍ത്തിവച്ച സാഹചര്യത്തില്‍ വിവരം തിരുവനന്തപുരം തൈക്കാട് വില്ലേജ് ഓഫീസറെ അറിയിക്കാന്‍ കോടതി ഉത്തരവിട്ടു. സ്വത്ത് കണ്ടുകെട്ടാന്‍ ഇതുവരെയെടുത്ത നടപടികള്‍ പിന്‍വലിക്കണമെന്നും സ്വപ്‌നയുടെ സ്വത്ത് കണ്ടുകെട്ടിയതുമായി ബന്ധപ്പെട്ടു സ്ഥലത്തു സ്ഥാപിച്ച എല്ലാ രേഖപ്പെടുത്തലുകളും വില്ലേജ് ഓഫീസര്‍ നീക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കോഫപോസെ പ്രകാരം നൂറു ദിവസം തടവ് തികഞ്ഞാല്‍, പ്രതിയുടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ സാഫെമ നിയമപ്രകാരം സര്‍ക്കാരിലേക്കു മുതല്‍കൂട്ടപ്പെടും. നൂറു ദിവസം തികയുന്നതിനു രണ്ടു ദിവസം മുമ്പുതന്നെ കോഫെപോസ ചുമത്തിയതു ഹൈക്കോടതി റദ്ദാക്കിയതാണു സ്വപ്‌നയ്ക്കു തുണയായത്. 1976 ലെ കണ്ടുകെട്ടല്‍ നിയമത്തിലെ സെക്ഷന്‍ 6(1) പ്രകാരമായിരുന്നു സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്കു നോട്ടീസ് നല്‍കിയത്.
തൈക്കാട്ടെ തന്റെ 3.60 ആര്‍ (9 സെന്റ്) സ്ഥലം കണ്ടുകെട്ടാന്‍ നല്‍കിയ ഷോക്കോസ് നോട്ടീസിനെ സ്വപ്‌ന ചോദ്യംചെയ്തിരുന്നു. കള്ളക്കടത്തുകാരുടെയും വിദേശനാണ്യ തട്ടിപ്പുകാരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന പ്രത്യേക നിയമമായ സഫേമ പ്രകാരം തന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിനെതിരേയാണു സ്വപ്‌ന ഹൈക്കോടതിയെ സമീപിച്ചത്. 2022 നവംബര്‍ 22, 25 തീയതികളില്‍ നോട്ടീസ് ലഭിച്ചതു ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. ഭൂമി തനിക്ക് അമ്മയില്‍നിന്നാണു ലഭിച്ചതെന്നും സഹോദരന്മാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നു വിലയാധാരമാണു നടത്തിയതെന്നും സ്വപ്‌ന ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 26.14 ലക്ഷം രൂപയാണു രേഖകളില്‍ കാണിച്ചിട്ടുള്ളത്. ഈ തുക സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ചതാണെന്ന നിഗമനത്തിലാണ് അധികൃതര്‍ സ്വത്തു കണ്ടുകെട്ടാനൊരുങ്ങിയത്.