കാളികാവിലെ ‘പാവം വിദ്യാത്ഥിനി’ സാങ്കല്‍പ്പിക കഥാപാത്രം

മലപ്പുറം: മലപ്പുറം ജില്ലയിലെ കാളികാവില്‍ ‘പാവം വിദ്യാത്ഥിനി’യെന്നപേരില്‍ ചര്‍ച്ചയായ പെണ്‍കുട്ടി സാങ്കല്‍പ്പിക കഥാത്രമെന്ന്‌ റിപ്പോര്‍ട്ട്‌. സ്‌കൂള്‍ അടച്ചതിന്‌ പിന്നാലെ പ്ലസ്‌ടു വിദ്യാര്‍ത്ഥികള്‍ നടത്തിയ ആഘോഷങ്ങള്‍ക്കിടെയാണ്‌ കാളികാവിലെ പ്രധാന സ്‌കൂളിലെ പാവം വിദ്യാര്‍ത്ഥിനിയുടെ കഥ ചര്‍ച്ചയായത്‌. വിദ്യാര്‍ത്ഥികള്‍ പരസ്‌പരം യൂണിഫോമില്‍ ചായം തേക്കുന്നത്‌ തടഞ്ഞ പ്ലസ്‌ടു വിദ്യാര്‍ത്ഥിനി തന്റെ അനിയത്തിക്കുകൂടി അടുത്ത അദ്ധ്യന വര്‍ഷം ഉപയോഗിക്കാനുളള യൂണിഫോമാണ്‌ ഇതെന്ന്‌ പറഞ്ഞ്‌ കരഞ്ഞപേക്ഷിച്ചെന്നായിരുന്നു വാര്‍ത്ത.

വാര്‍ത്ത വൈറലായതോടെ ഇത്രയും കരുതലുളള പെണ്‍കുട്ടിയേയും അനിയത്തിയേയും സഹായിക്കാന്‍ തയാറായി ഒട്ടേറെ വ്യക്തികളും സംഘടനകളും രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട ഫെയ്‌സ്‌ബുക്ക്‌ പോസറ്റിനുതാഴെ കമന്റിലൂടെ സഹായ സന്നദ്ധത വ്യക്തമാക്കി മന്ത്രി വി.ശിവന്‍കുട്ടിയും രംഗത്തുവന്നു. തുടര്‍ന്ന്‌ സ്‌കൂളിലും നാട്ടിലും പോലീസ്‌ സ്‌റ്റേഷനിലുമെല്ലാം അന്വേഷണം നടത്തിയെങ്കിലും വാര്‍ത്തയില്‍ പറഞ്ഞ പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

യൂണിഫോമില്‍ ചായം തേക്കുന്ന സഹപാഠികളില്‍ നിന്ന്‌ പെണ്‍കുട്ടിയെ രക്ഷിച്ചത്‌ ഈ സമയത്ത്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്‌ ഉദ്യോഗസ്ഥരാണെന്ന്‌ വാര്‍ത്തയില്‍ പറയുന്നുണ്ട്‌. കാളികാവ്‌ പോലീസ്‌ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കൊന്നും ഇങ്ങനെയൊരു സംഭവം അറിയില്ല. കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണെന്ന അനുമാനത്തലാണ്‌ സ്‌കൂള്‍ അധികൃതരും പോലീസും. പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ സഹായവാഗ്‌ദാനവുമായി ഒട്ടേറെ ഫോണ്‍ കോളുകള്‍ എത്തുന്നുണ്ട്‌. എല്ലാവരോടും വാര്‍ത്ത വ്യാജമാണെന്ന്‌ പറഞ്ഞ്‌ ഒഴിവാക്കുകയാണ്‌ പോലീസ്‌.

സ്‌കൂളിലെ പ്ലസ്‌ വണ്‍, പ്ലസ്‌ ടു, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം വ്യത്യസ്ഥ യൂണിഫോമുകളാണുളളത്‌. അതുകൊണ്ടുതന്ന ഹൈസ്‌കൂളില്‍ പഠിക്കുന്ന അനിയത്തിയാണെങ്കില്‍ പോലും പ്ലസ് വണ്ണിന്‌ ചേരുമ്പോള്‍ ചേച്ചിയുടെ യൂണിഫോം ധരിക്കാനാവില്ല. ഇതേ സ്‌കൂളില്‍തന്നെ അനിയത്തിക്ക്‌ പ്ലസ് വണ്‍ സീറ്റ്‌ ലഭിക്കുമോയെന്നും ഉറപ്പില്ല. സാങ്കല്‍പ്പിക കഥാപാത്രങ്ങളെ സൃഷ്ടിച്ചവര്‍ വസ്‌തുതകള്‍ ഒട്ടും പരിഗണിച്ചില്ലെന്നാണ്‌ സ്‌കൂള്‍ അധികൃതരുടെ ആക്ഷേപം. വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്‌കൂള്‍മാനേജുമെന്റിനും പിടിഎയ്‌ക്കും സംഭവം വേദനയുണ്ടാക്കി.

Share
അഭിപ്രായം എഴുതാം