കൊച്ചി: കൊച്ചിയിൽ വൻലഹരിവേട്ട. ഒരു കോടി രൂപയുടെ എംഡിഎംഎയുമായി നാല് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. പുതുവൈപ്പ് സ്വദേശി ബിനീഷ് നായർ, ഏലൂർ സ്വദേശികളായ നവീൻ, ആദിത്യൻ, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. 294 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് കണ്ടെടുത്തു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപം എസ്ആർഎം റോഡിലെ ആഡംബര ഹോട്ടലിൽനിന്നാണ് യുവാക്കളെ എംഡിഎംഎയുമായി പിടികൂടിയത്. ബിനീഷ് നായരുടെ നേതൃത്വത്തിൽ മറ്റ് പ്രതികൾ ആഡംബര ഹോട്ടലുകളിൽ താമസിച്ചാണ് നഗരത്തിൽ ലഹരി വിൽപന നടത്തിയിരുന്നത്.
വിമാനത്തിൽ യാത്ര ചെയ്ത് ബിനീഷ് ബെംഗളൂരുവിലെത്തി എംഡിഎംഎ വാങ്ങും. കൂടെയുള്ള വിഷ്ണു കാർ മാർഗം ബെംഗളൂരുവിലെത്തി വിനീഷിൽ നിന്ന് എംഡിഎംഎ വാങ്ങി കൊച്ചിയിലേക്ക് തിരിച്ചുവരും. അതിനുശേഷം വിമാന മാർഗം ബിനീഷ് കൊച്ചിയിലെത്തും. ഈ രീതിയിലാണ് ബിനീഷ് ആർക്കും സംശയത്തിന് ഇടം കൊടുക്കാതെയാണ് ഇടപാട് നടത്തിയിരുന്നത്.
ആഡംബര ജീവിതം നയിക്കുന്ന ആളാണ് ബിനീഷ്. കൊച്ചി സിറ്റി ഡാൻസാഫ് രണ്ടാഴ്ചയായിരഹസ്യ നിരീക്ഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ സെൻട്രൽ, ഞാറക്കൽ, ഏലൂർ എന്നീ സ്റ്റേഷനുകളിൽ ലഹരിക്കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.