ദില്ലി :എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെത്തുടർന്ന് രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ ഹൗസിംഗ് കമ്മിറ്റി നോട്ടീസ് നൽകി. 2004 മുതൽ രാഹുൽ ഗാന്ധി താമസിച്ചുവരുന്ന വസതിയായ തുഗ്ളക് ലൈൻ 12ാം നമ്പർ വസതി ഒഴിയാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
അതേസമയം, സിപിഐഎമ്മിന്റെ പിന്തുണ രാഹുൽ ഗാന്ധിക്കല്ലെന്നും അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടിക്ക് എതിരെയാണ് തങ്ങൾ സംസാരിക്കുന്നതെന്നും വ്യക്തമാക്കി സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. കേന്ദ്ര സർക്കാരിന് വിമർശനങ്ങളോടുള്ള അസഹിഷ്ണുതയുടെ തെളിവാണ് രാഹുൽ ഗാന്ധിക്കെതിരായ നടപടി. സർക്കാരിന് പല വിഷയങ്ങളിലും പലതും ഒളിക്കാനുണ്ട്. ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം, ഭരണ പക്ഷം തന്നെ പാർലമെന്റ് തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.



