വാരിസ് പഞ്ചാബ് ദേയുടെ തലവന്‍ അമൃത്പാല്‍ സിങിന്റെ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നു. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെ പഞ്ചാബിനെ വിഘടിപ്പിക്കാനുള്ള അമൃത്പാല്‍ സിങ്ങിന്റെ നീക്കങ്ങള്‍ തിരിച്ചറിഞ്ഞതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. അറസ്റ്റ് നീക്കങ്ങള്‍ക്കിടെ ഒളിവിലാണ് അയാള്‍.
സാമുദായികാടിസ്ഥാനത്തില്‍ പഞ്ചാബ് വിഭജിക്കുക
പഞ്ചാബില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും സാമുദായികാടിസ്ഥാനത്തില്‍ സമൂഹത്തെ വിഭജിക്കാനുമായിരുന്നു അമൃത്പാല്‍ സിങ്ങിന്റെ ശ്രമം. ഉത്തര്‍പ്രദേശില്‍നിന്നും ബീഹാറില്‍നിന്നും പഞ്ചാബില്‍നിന്നുമുള്ള കുടിയേറ്റ സിഖ് ഇതര തൊഴിലാളികളോട് അസഹിഷ്ണുത വളര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായി. ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കെതിരേ മതഗ്രന്ഥങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു സംഘര്‍ഷത്തിനു ശ്രമിച്ചു. ആയുധമെടുക്കണമെന്ന ഗുരു ഗോബിന്ദ് സിങ്ങിന്റെ പഠിപ്പിക്കലുകളെ വളച്ചൊടിക്കാനും ശ്രമിച്ചു.
ആയുധങ്ങള്‍ ലഭ്യമാക്കിയത് ഐ.എസ്.ഐ
പാക് ചാരസംഘടനയായ ഐ.എസ്.ഐയാണ് ആയുധങ്ങള്‍ ലഭ്യമാക്കിയത്. അമൃത്സറിലെ ജല്ലുപൂര്‍ ഖേര പരിസരത്ത് അനധികൃതമായി നടത്തുന്ന ലഹരിവിമുക്ത കേന്ദ്രങ്ങളിലും ഗുരുദ്വാരയിലുമാണ് അയാള്‍ ആയുധങ്ങള്‍ സൂക്ഷിച്ചത്. ഇവ വിതരണം ചെയ്യാന്‍ വാരിസ് പഞ്ചാബ് ദേയാണ് ഉപയോഗിച്ചത്.
ഖലിസ്ഥാന്റെ പേരില്‍ പണം
വാരിസ് പഞ്ചാബ് ദേ സംഘടിപ്പിച്ച പരിപാടികളിലൂടെയാണു പണം ശേഖരിച്ചത്. ഇതിനു വ്യക്തമായ കണക്കുകള്‍ സൂക്ഷിച്ചില്ല. വാഹനവ്യൂഹത്തിനും മറ്റുമായി ചെലവിട്ട പണത്തിനും കണക്കില്ല. ഖലിസ്ഥാന്റെപേരില്‍ വിദേശത്തുനിന്നും സംഭാവന സ്വീകരിച്ചു.