കന്നഡ നടന്‍ ചേതന്‍ കുമാര്‍ അറസ്റ്റില്‍

ബെംഗളുരു: ഹിന്ദുത്വത്തെക്കുറിച്ചുള്ള ട്വീറ്റ് വൈറലായതിനെ തുടര്‍ന്ന് ചേതന്‍ അഹിംസ എന്നറിയപ്പെടുന്ന കന്നഡ നടന്‍ ചേതന്‍ കുമാറിനെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദുത്വം കെട്ടിപ്പടുത്തത് നുണകളില്‍ എന്ന നടന്റെ ട്വീറ്റ് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് അദ്ദേഹത്തിനെതിരായ പരാതി. ബെംഗളുരുവില്‍ ശേഷാദ്രിപുരം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ദളിത്, ഗോത്രവര്‍ഗ പ്രവര്‍ത്തകന്‍ കൂടിയായ ചേതന്‍ കുമാറിനെ ജില്ലാ കോടതിയില്‍ ഹാജരാക്കി. ഒരു മതത്തെയോ മതവിശ്വാസത്തെയോ അവഹേളിച്ചതിനും ശത്രുത വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തിയതിനുമാണ് നടനെതിരെ കേസെടുത്തത്. മാര്‍ച്ച് 20നാണ് ചേതന്‍ കുമാര്‍ കേസിനാസ്പദമായ ട്വീറ്റ് ചെയ്തത്. ഹിന്ദു അനുകൂല സംഘടനകള്‍ നടനെതിരെ പരാതി നല്‍കുകയായിരുന്നു.

Share
അഭിപ്രായം എഴുതാം