കാലവര്‍ഷക്കെടുതിയിലും ശക്തമായ കാറ്റിലും വിവിധ സംസ്ഥാനങ്ങളില്‍ കൃഷിനാശം

ന്യൂഡല്‍ഹി: കാലവര്‍ഷക്കെടുതിയിലും ശക്തമായ കാറ്റിലും സംസ്ഥാനങ്ങളിലെ കൃഷികള്‍ നശിച്ചു. കൃഷിനാശം നേരിട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നാശനഷ്ടം വിലയിരുത്തി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും.കൂടാതെ ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ കര്‍ഷകരോട് വിളവെടുപ്പ് മാറ്റിവയ്ക്കാന്‍ കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശിച്ചു. പഴങ്ങളുടെയും പച്ചക്കറികളുടെയും വിളവെടുപ്പ് മാറ്റിവയ്ക്കാനും ഇതിനകം വിളവെടുത്ത ഉല്‍പ്പന്നങ്ങള്‍ ഉടന്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനും കര്‍ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശില്‍ വിളനാശം വിലയിരുത്താന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഉന്നതതല യോഗം ചേര്‍ന്ന് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 25നകം സര്‍വേ പൂര്‍ത്തിയാക്കി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 50 ശതമാനത്തിലധികം വിളകള്‍ നശിച്ച കര്‍ഷകര്‍ക്ക് ഹെക്ടറിന് 32,000 രൂപ നിരക്കില്‍ നഷ്ടപരിഹാരം നല്‍കും, ബാക്കിയുള്ളവര്‍ക്ക് വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ആശ്വാസം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മഹാരാഷ്ട മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും നാശനഷ്ടം സംഭവിച്ച വിളകളുടെ കണക്കെടുപ്പ് നടത്താന്‍ ജില്ലാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം