പെരുമാതുറയിലെ പതിനേഴുകാരന്റെ മരണത്തിൽ ദുരൂഹത

തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറയിലെ പതിനേഴുകാരൻ ഇർഫാന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഇർഫാന് മയക്കുമരുന്ന് നൽകിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ച ഇർഫാനെ ഇന്നലെയാണ് (20.03.2023)ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുഹൃത്തുക്കൾ മയക്കുമരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്നാണ് മാതാവിന്റെ മൊഴി. ഇർഫാന്റെ മരണകാരണം മയക്കുമരുന്നിന്റെ അമിത ഡോസാണെന്ന് സംശയിക്കുന്നതായി പൊലീസും പറയുന്നു.

സുൽഫിക്കർ- റജില ദമ്പതികളുടെ മകൻ ഇർഫാൻ 2023 മാർച്ച് 21ന് പുലർച്ചെയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് ഇർഫാനെ ഒരു സുഹൃത്ത് വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയി. ഏഴുമണിയോടെ മറ്റൊരാൾ ഇർഫാനെ വീടിനടുത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞുവെന്നാണ് മാതാവ് പരാതിപ്പെടുന്നത്. വീട്ടിലെത്തിയ ഇർഫാൻ അസ്വസ്ഥതകൾ പ്രകടിപ്പിച്ചു ഛർദ്ദിച്ചു. ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്നു.

ഇന്നലെ അർധരാത്രി വീണ്ടും അസ്വസ്ഥത പ്രകടിപ്പിച്ചതോടെ മെഡിക്കൽ കോളജിലേക്കു കൊണ്ട് പോയെങ്കിലും മരിച്ചു. ചില സുഹൃത്തുക്കൾ ചേർന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചു എന്ന് ഇർഫാൻ പറഞ്ഞിരുന്നുവെന്നു മാതാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്

Share
അഭിപ്രായം എഴുതാം