ലൈഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിൽ


തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി 13/03/23 തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക. വിചാരണ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും, രാഷ്ട്രീയ പകപോക്കലാണെന്നുമാണ് ശിവശങ്കറിന്റെ ആരോപണം. ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ജാമ്യം നൽകണമെന്നും ശിവശങ്കർ ആവശ്യപ്പെട്ടിട്ടുണ്ട്. 10/03/23 വെള്ളിയാഴ്ച ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിന് മുന്നിൽ എത്തിയിരുന്നെങ്കിലും, അഴിമതി നിരോധന നിയമപ്രകാരമുള്ള കേസല്ലാത്തതിനാൽ പരിഗണിച്ചിരുന്നില്ല.

റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറിനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

നേരത്തെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ തനിക്ക് ചില അസ്വസ്ഥതകളുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ കോടതി അതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ അദ്ദേഹത്തെ റിമാൻഡ് ചെയ്യുകയായിരുന്നു. ഇപ്പോൾ ജയിലിൽ തുടരവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം വിജേഷ് പിള്ളയ്‌ക്കെതിരെ കർണാടക പൊലീസ് കേസെടുത്തെന്ന് സ്വപ്‌ന സുരേഷ് അറിയിച്ചു. കർണാടക പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തിയെന്ന് സ്വപ്‌ന സുരേഷ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ബെംഗളൂരു കെ ആർ പുര പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്‌. വിജേഷ് പിള്ള താമസിച്ച ഹോട്ടലിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

ഭീഷണിക്കേസുകളിലെ പ്രാഥമിക നടപടിയാണ് സ്വീകരിച്ചതെന്നും പൊലീസ് വിശദീകരണം. സ്വപ്നയുടെ പരാതിയിൽ വിജേഷിനോട് ഹാജരാകാൻ ആവശ്യപ്പെടും. ഭീഷണി ആവർത്തിച്ചാൽ കേസെടുക്കുമെന്ന് വിജേഷിന് പൊലീസ് മുന്നറിയിപ്പ് നൽകും. കൂടിക്കാഴ്ച നടന്ന ബെംഗളൂരുവിലെ ഹോട്ടലിൽ തെളിവെടുത്തു. വിജേഷിനൊപ്പം ഒരാൾകൂടി താമസിച്ചെന്ന് ഹോട്ടലുകാർ പൊലീസിനെ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →