‘പണി തീരും മുമ്പേ ഉദ്​ഘാടനം ചെയ്തു, നഷ്ടപരിഹാരം കിട്ടിയില്ല’; അഭിമാന പാതക്കെതിരെ ആരോപണമുയര്‍ത്തി കര്‍ഷകര്‍

ബെം​ഗളൂരു: 12/03/23 ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബെംഗളുരു മൈസുരു അതിവേഗപാതയ്ക്ക് എതിരെ കർഷകർക്കും പ്രദേശവാസികൾക്കുമിടയിൽ പ്രതിഷേധം ശക്തം. എക്സ്പ്രസ് വേയിൽ പ്രധാനപാതയിൽ അടക്കം പണി പൂർത്തിയാകാനുണ്ടെന്നതടക്കമുള്ള പ്രശ്നങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അതിവേഗപാത അതിവേഗം ഉദ്ഘാടനം ചെയ്തതെന്നും ഇതിനെതിരെ സമരം തുടരുമെന്നും കർഷകസംഘടനകൾ പറയുന്നു. റോഡിന് സ്ഥലം വിട്ട് നൽകിയ 99% കർഷകരും ആ റോഡിലൂടെ സഞ്ചരിക്കുന്നവരല്ല. വിളകൾ പ്രധാന റോഡിലെത്തിക്കാൻ നല്ല റോഡ് വേണം. മൈസുരു, മാണ്ഡ്യ മേഖലകളിലെ 99% സാധാരണക്കാരും എക്സ്പ്രസ് വേ ഉപയോഗിക്കുന്നവരല്ല. ഒരു ശതമാനം ആളുകൾക്ക് വേണ്ടിയാണോ ഇവിടെ സൗകര്യം ഒരുക്കുകയെന്നും പ്രതിഷേധക്കാർ ചോദിച്ചു.

2022 ഓഗസ്റ്റിലെ പ്രളയകാലത്ത് ബെംഗളുരു-മൈസുരു എക്സ്പ്രസ് വേയിൽ വെള്ളം കയറിയിരുന്നു, അടിപ്പാതകളിലടക്കം വെള്ളം ഉയരാതിരിക്കാൻ വേണ്ട നടപടികളൊന്നും ദേശീയ പാതാ അതോറിറ്റി ഇപ്പോഴും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. രാമനഗര, ചന്നപട്ടണ, മാണ്ഡ്യ, മധൂർ, ശ്രീരംഗപട്ടണ എന്നീ പ്രധാന നഗരങ്ങളിലേക്കുള്ള വഴികളും സർവീസ് റോഡുകളും ഇപ്പോഴും മോശം സ്ഥിതിയിലാണ്. അടിപ്പാതകളിൽ മഴക്കാലമായാൽ വെള്ളം കയറും. പലയിടത്തും ടാറിംഗ് പോലും പൂർത്തിയായിട്ടില്ല. ഇതിനെല്ലാമിടയിലാണ് ദേശീയപാതയിൽ ടോൾ പിരിക്കാൻ തീരുമാനിച്ചതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

Share
അഭിപ്രായം എഴുതാം