റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയ കേസ്: മന്ത്രി ആന്റണി രാജുവിനെതിരെയുള്ള എഫ് ഐ ആര്‍ റദ്ദാക്കി

March 10, 2023 - 8:20 pm

കൊച്ചി: ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെയുള്ള തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസിലെ എഫ് ഐ ആര്‍ ഹൈക്കോടതി റദ്ദാക്കി. ഈ സംഭവത്തില്‍ പൊലീസിന് കേസെടുക്കാന്‍ അധികാരമില്ലെന്നായിരുന്നു മന്ത്രിയുടെ വാദം. മജിസ്ട്രേറ്റ് കോടതിക്ക് മാത്രമേ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അവകാശമുള്ളുവെന്നും അദ്ദേഹം വാദിച്ചു. സാങ്കേതിക തടസ്സം അംഗീകരിച്ചാണ് കോടതിയുടെ നടപടി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ അഭിഭാഷകനായിരുന്ന കാലത്ത് ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്നാണ് കേസ്. കേസില്‍ വിദേശ പൗരനെ വഞ്ചിയൂര്‍ സെഷന്‍സ് കോടതി പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചെങ്കിലും ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ വെറുതെ വിട്ടിരുന്നു. ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ്, എന്നിവര്‍ക്കെതിരെ 2006 മാര്‍ച്ച് 24ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സംഭവത്തില്‍ ദൈവത്തിന് നന്ദി പറയുന്നുവെന്ന് ആന്റണി രാജു പ്രതികരിച്ചു. യുഡിഎഫ് ഭരണകാലത്ത് രണ്ട് തവണ അന്വേഷിച്ച് തെളിവില്ലെന്ന് കണ്ട് തള്ളിയ കേസാണിത്. 2006 ല്‍ സ്ഥാനാര്‍ത്ഥിത്വം പോലും നഷ്ടമായി. കേസും അന്വേഷണവും കോടതി റദ്ദാക്കിയതില്‍ സന്തോഷമുണ്ട്. വേട്ടയാടിയവരോട് ദൈവം പൊറുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *