കൊച്ചി: കൂടത്തായി കേസില്‍ ജോളിയുടെ വിടുതല്‍ ഹര്‍ജി തള്ളിയ സെഷന്‍സ് കോടതി ഉത്തരവില്‍ ഇടപെടാനാവില്ലെന്നു ഹൈക്കോടതി. ഭര്‍ത്താവായിരുന്ന റോയി തോമസിനെ കൊലപ്പെടുത്തിയെന്ന കേസില്‍നിന്നു തന്നെ വിടുതല്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ജോളി വിചാരണ കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. വിചാരണ കോടതി ഉത്തരവ് ചോദ്യംചെയ്തു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തള്ളിയത്.
ജോളിക്കെതിരെയുള്ള കേസ് നിലനില്‍ക്കുന്നതിനു നിരവധി തെളിവുകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി വിടുതല്‍ ഹര്‍ജി തള്ളിയത്. വിചാരണ കോടതിയുടെ കണ്ടെത്തലുകള്‍ ഹൈക്കോടതിയും ശരിവെച്ചു. പ്രാഥമികമായി തെളിവുകള്‍ ജോളിക്കെതിരാണെന്നു കോടതി വിലയിരുത്തി. നിരവധി സാക്ഷികളുടെ മൊഴികള്‍ ജോളിക്കെതിരാണെന്നും ഇവ മുഖവിലയ്‌ക്കെടുക്കാതിരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.



