മലപ്പുറം: പെര്‍ഫ്യൂം കുപ്പിക്കുളളിലും ശരീരത്തിലുമായി 1.25 കിലോവരുന്ന 70 ലക്ഷംരൂപയുടെ സ്വര്‍ണം കടത്തിയ രണ്ടുപേര്‍ കരിപ്പൂര്‍ വിമാനത്തവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയില്‍. ഇന്നലെ രാവിലെ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബായില്‍നിന്നു വന്ന കോഴിക്കോട് മാത്തോട്ടം സ്വദേശിയായ അസ്താക് നജ്മല്‍ (26) കൊണ്ടുവന്ന ബാഗേജിനുള്ളിലുണ്ടായിരുന്ന മൂന്നു പെര്‍ഫ്യൂം കുപ്പികള്ക്കുള്ളിലായിരുന്നു സ്വര്‍ണം. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോള്‍ കുപ്പികളുടെ അടപ്പിനുള്ളിലായി അതിവിദഗ്ധമായി ഒളിപ്പിച്ചുവച്ചിരുന്ന 287 ഗ്രാം തൂക്കമുള്ള വെള്ളിനിറത്തിലുള്ള നിരവധി ചെറിയ ലോഹകഷണങ്ങളാണു പിടികൂടിയത്. ഇവ ഒരു സ്വര്‍ണപണിക്കാരന്റെ സഹായത്തോടെ വേര്‍തിരിച്ചെടുത്തപ്പോള്‍ 279 ഗ്രാം തൂക്കമുള്ള വിപണിയില്‍ 15 ലക്ഷം രൂപ വിലമതിക്കുന്ന തങ്കം ലഭിച്ചു.
മറ്റൊരു കേസില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ റിയാദില്‍നിന്നു വന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അല്‍താബ് ഹുസൈനില്‍ (32) നിന്ന് 55 ലക്ഷം രൂപ വിലമതിക്കുന്ന 1078 ഗ്രാം സ്വര്‍ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സുലുകള്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയിലും പിടികൂടി. സ്വര്‍ണമിശ്രിതം വേര്‍തിരിച്ചെടുത്തശേഷം അല്‍താബിന്റെ അറസ്റ്റും മറ്റു തുടര്‍നടപടികളും സ്വീകരിക്കുമെന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കള്ളക്കടത്തുസംഘം അല്‍താബിനു 80,000 രൂപയും അസ്താകിനു 15.000 രൂപയുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. ഈ രണ്ടു കേസുകളുമായി ബന്ധപ്പെട്ട് എയര്‍ കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തി വരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസിസ്റ്റന്റ് കമ്മിഷണര്‍ സിനോയി കെ. മാത്യുവിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്, എം. മനോജ്, സി.അഭിലാഷ്, വീണ ധര്‍മരാജ്, പി. മുരളി, ഇന്‍സ്പെക്ടര്‍മാരായ ദുഷ്യന്ത് കുമാര്‍, അക്ഷയ് സിങ്, ആര്.എസ്. സുധ എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണ കള്ളക്കടത്ത് പിടികൂടിയത്.

