കോഴിക്കോട്: മൂന്നുദിവസമായി കോഴിക്കോട് ബീച്ചില്‍ നടത്തിയ 25-ാമതു വേള്‍ഡ് ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സ് കിരീടം ചൂടി. രണ്ടു മഞ്ഞക്കാര്‍ഡുകള്‍ പിറന്ന ഫൈനലില്‍ ഫ്രാന്‍സ് – (16-5), (16-12) സ്‌കോറിനാണ് യു.എ.ഇയെ പരാജയപ്പെടുത്തിയത്. ഫ്രാന്‍സിനു വേണ്ടി കെവിന്‍, കെവിന്‍ എന്നിവരും യു.എ.ഇക്കു വേണ്ടി മുഹമ്മദ് അല്ദ്ദീനും സൗഫീന്‍ അലിയും കളിക്കത്തിലിറങ്ങി. ഫൈനലിന്റെ എല്ലാ ആവേശവും നിറച്ച മത്സരത്തില്‍ തുടക്കംമുതല്‍ ഫ്രാന്‍സിനു തന്നെയായിരുന്നു മുന്‍തൂക്കം. ആദ്യ സെറ്റിലും (16-5) രണ്ടാമത്തെ സെറ്റിലും (16-12) ആധിപത്യം നിലനിര്‍ത്തിയ ഫ്രാന്‍സ് ഫൂട്ട് വോളി ചാമ്പ്യന്മാരായി.
വൈകിട്ട് നടന്ന ആദ്യ സെമിയില്‍ യു.എ.ഇ. (16-12), (15-5) സ്‌കോറിന് ഇറാഖിനെ തോല്പിച്ചാണ് ഫൈനലില്‍ കയറിയത്. രണ്ടാമത്തെ സെമിയില്‍ ഫ്രാന്‍സ് (16-5), (16- 7) സ്‌കോറിന് റുമേനിയയെ തോല്പിച്ചു ഫൈനലിലെത്തി. തുടര്‍ന്ന് നടന്ന ലൂസേഴ്‌സ് ഫൈനലില്‍ റുമേനിയ വിജയികളായി. സമാപനസമ്മേളനത്തില്‍ മുന്‍ കോഴിക്കോട് മേയര്‍ ടി.പി. ദാസന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ട്രഷറര്‍ കെ.വി. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ഫൂട്ട് വോളി അസോസിയേഷന്‍ വേള്‍ഡ് വൈഡ് പ്രസിഡന്റ് അഫ് ഖാന്‍ അംദേവ്, ഫൂട്ട് വോളി അസോസിയേഷന്‍ നാഷണല്‍ പ്രസിഡന്റ് റാം അവതാര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി എ.കെ. മുഹമ്മദ് അഷറഫ്, ചീഫ് കോര്‍ഡിനേറ്റര്‍ ടി.എം. അബ്ദുറഹിമാന്‍, വൈസ് പ്രസിഡന്റുമാരായ ബാബു പാലക്കണ്ടി കെന്‍സ, വി.പി. അബ്ദുള്‍ കരീം, സി.പി. റഷീദ്, നവീന സുഭാഷ്, എം.എ. സാജിദ്, റമീസ് അലി, ആര്‍. ജയന്ത് കുമാര്‍, കെ. ഹാഷിദ്, കെ.ബി. ജയാനന്ദ്, ഹഷീം കടായ്ക്കലകം തുടങ്ങിയവര്‍ സംസാരിച്ചു. ഫൂട്ട് വോളി അസോസിയേഷന്‍ സെക്രട്ടറി എ.കെ. മുഹമ്മദ് അഷറഫ് സ്വാഗതവും ഓര്‍ഗനൈസിംഗ് വൈസ് പ്രസിഡന്റ് എം. മുജീബ് റഹ്‌മാന്‍ നന്ദിയും പറഞ്ഞു.

