മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ ബാഴ്‌സലോണയുടെ മുന്നേറ്റം തുടരുന്നു. സ്വന്തം തട്ടകമായ ന്യൂ ക്യാമ്പില്‍ നടന്ന മത്സരത്തില്‍ അവര്‍ കാഡിസിനെ 2-0 ത്തിനു തോല്‍പ്പിച്ചു. സെര്‍ജി റോബര്‍ട്ടോയും റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുമാണ് ഗോളുകളടിച്ചത്. 22 കളികളില്‍നിന്ന് 59 പോയിന്റ് നേടാന്‍ അവര്‍ക്കായി. രണ്ടാം സ്ഥാനത്തുള്ള റയാല്‍ മാഡ്രിഡിന് അത്രയും കളികളില്‍നിന്ന് 51 പോയിന്റാണ്. മൂന്നാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡ് 43 പോയിന്റ് നേടി. ബാഴ്‌സയോടു തോറ്റ കാഡിസ് 22 പോയിന്റുമായി 17-ാം സ്ഥാനത്താണ്. 43-ാം മിനിറ്റില്‍ സെര്‍ജി റോബര്‍ട്ടോ ഗോളടിച്ചു.
ഫെറാന്‍ ടോറസിന്റെ ക്രോസിന് ലെവന്‍ഡോസ്‌കി തലവച്ചെങ്കിലും ഗോള്‍ കീപ്പര്‍ ജെറമിയാസ് ലെഡ്‌സെമ തടുത്തിട്ടു. സെര്‍ജി റോബര്‍ട്ടോയുടെ റീ ബൗണ്ട് പിഴച്ചില്ല. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലെവന്‍ഡോസ്‌കി ലീഡ് ഇരട്ടിയാക്കി.
കാഡിസിന്റെ റോജര്‍ മാര്‍ട്ടി രണ്ടുവട്ടം പന്ത് വലയിലാക്കിയെങ്കിലും ഓഫ് സൈഡായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരേ നടന്ന യൂറോപ്പ ലീഗ് മത്സരത്തിനിടെ പരുക്കേറ്റ പെദ്രിക്കു പകരമാണു സെര്‍ജി റോബര്‍ട്ടോ സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിച്ചത്. കളിയുടെ 64 ശതമാനം സമയത്തും പന്ത് ബാഴ്‌സ താരങ്ങളുടെ പക്കലായിരുന്നു. ഗോള്‍ കീപ്പര്‍ മാര്‍ക് ആന്‍ഡര്‍ ടെര്‍ സ്റ്റീഗന്‍ കഴിഞ്ഞ 22 മത്സരങ്ങളില്‍ പതിനേഴിലും ക്ലീന്‍ ഷീറ്റ് നേടി. ആകെ ഏഴ് ഗോളുകള്‍ മാത്രമാണു ജര്‍മന്‍കാരന്‍ ഗോള്‍ കീപ്പറുടെ വലയില്‍ കയറിയത്. 1986/87 സീസണില്‍ 22 കളികളില്‍ ഒന്‍പത് ഗോളുകള്‍ വഴങ്ങിയ റെക്കോഡാണു പഴങ്കഥയായത്. ലാ ലിഗയിലെ ഏറ്റവും മികച്ച ഡിഫന്‍സീവ് റെക്കോഡ് റയാല്‍ മാഡ്രിഡിന്റെ പേരിലാണ്. 1931/32 സീസണിലും 1932/33 സീസണിലും 15 ഗോളുകള്‍ മാത്രമാണ് അവര്‍ വഴങ്ങിയത്. ലാ ലിഗയില്‍ ബാഴ്‌സ തുടര്‍ച്ചയായ ഏഴാം ജയമാണു കുറിച്ചത്. അന്‍സു ഫാതി, ലെവന്‍ഡോസ്‌കി, ടോറസ് എന്നിവരെ മുന്നില്‍ നിര്‍ത്തിയ 4-3-3 ഫോര്‍മേഷനിലാണു ബാഴ്‌സ കോച്ച് സാവി ഒരുങ്ങിയത്. കാസിഡ് കോച്ച് സെര്‍ജിയോ ഗൊണ്‍സാലസ് സോറിയാനോ റോജറിനെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷനില്‍ താല്‍പര്യപ്പെട്ടു. കഴിഞ്ഞ മത്സരങ്ങളില്‍ റയാല്‍ മാഡ്രിഡ് 2-0 ത്തിന് ഒസാസുനയെയും അത്‌ലറ്റിക്കോ മാഡ്രിഡ് 1-0 ത്തിന് അത്‌ലറ്റിക്കോ ബില്‍ബാവോയെയും തോല്‍പ്പിച്ചു. ഒസാസുനയുടെ തട്ടകമായ എല്‍ സാദറില്‍ നടന്ന മത്സരത്തില്‍ റയാലിനു വേണ്ടി ഫെഡറിക് വാല്‍വര്‍ദെ, മാര്‍കോ അസെന്‍സിയോ എന്നിവര്‍ ഗോളടിച്ചു.



