ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഇ.ഡി. റെയ്ഡ്

റായ്പുര്‍: കല്‍ക്കരി ഇടപാടിലെ അഴിമതി ആരോപണത്തില്‍ ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരില്‍ എട്ടു കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കോണ്‍ഗ്രസിന്റെ 85-ാം പ്ലീനറി സമ്മേളനം 24 മുതല്‍ 26 വരെ റായ്പൂരില്‍ നടക്കാനിരിക്കെയാണു റെയ്ഡ്. മുതിര്‍ന്ന നേതാക്കള്‍, പാര്‍ട്ടി വക്താക്കള്‍, ഒരു നിയമസഭാംഗം എന്നിവരുടെ വസതികളിലും ഓഫീസിലും റെയ്ഡ് നടത്തി. സംസ്ഥാനത്ത് ഓരോ ടണ്‍ കല്‍ക്കരി കൊണ്ടുപോകുമ്പോഴും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ബിസിനസുകാരും ഇടനിലക്കാരും ഉള്‍പ്പെട്ട സംഘം 25 രൂപ വീതം അനധികൃത ലെവി ഈടാക്കിയിരുന്നെന്ന് ഇ.ഡിയുടെ കുറ്റപത്രത്തില്‍ പറയുന്നു. അനധികൃത ലെവി പിരിക്കാനായി ഒരു സമാന്തരസംവിധാനം ഇവര്‍ രൂപീകരിച്ചെന്നും ദിവസം 2-3 കോടി രൂപ ഇതുവഴി കൈവശപ്പെടുത്തിയിരുന്നെന്നും ഇ.ഡി. ആരോപിച്ചു.
സംസ്ഥാനത്ത് വിവിധ നഗരങ്ങളില്‍ ഒക്‌ടോബര്‍ 11 നു നടത്തിയ റെയ്ഡിനു പിന്നാലെ ഐ.എ.എസ്. ഉദ്യോഗസ്ഥനായ വിഷ്‌ണോയ്, ഇന്ദര്‍മാനി ഗ്രൂപ്പ് ഉടമ സുനില്‍ അഗര്‍വാള്‍, കാണാതായ വ്യവസായി സൂര്യകാന്ത് തിവാരിയുടെ അമ്മാവന്‍ ലക്ഷ്മികാന്ത് തിവാരി എന്നിവരെ ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമായിരുന്നു അറസ്റ്റ്.

റെയ്ഡിനു പിന്നില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ വൈരാഗ്യമാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാന്‍ വേണ്ടിയാണ് ഇ.ഡി. ഇപ്പോള്‍ നിലകൊള്ളുന്നത്. 2014-ല്‍ ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള 95 ശതമാനം റെയ്ഡുകളും പ്രതിപക്ഷകക്ഷികളെ ലക്ഷ്യംവച്ചുള്ളതായിരുന്നു. വിവിധ കേസുകളില്‍ പ്രതികളായ സുവേന്ദു അധികാരി, ബി.എസ്. യെദിയൂരപ്പ, നാരായണ്‍ റാണെ, ഹിമന്ത ബിശ്വശര്‍മ തുടങ്ങിയ ബി.ജെ.പി. നേതാക്കള്‍ക്കെതിരേ റെയ്ഡ് നടത്തുമോ? -കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ചോദിച്ചു.
പ്രതിപക്ഷ കക്ഷികളെ ആക്രമിക്കാനുള്ള ആയുധമായി സര്‍ക്കാര്‍ ഇ.ഡിയെ ഉപയോഗിക്കുകയാണെന്നു കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് കുറ്റപ്പെടുത്തി.
അതേ സമയം, കുറ്റാരോപിതര്‍ക്കെതിരേ വ്യക്തമായ തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയതെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഒറ്റരാത്രികൊണ്ടുള്ള തീരുമാനമല്ല ഇത്തരം റെയ്ഡുകള്‍. വലിയ തോതില്‍ ഗൃഹപാഠം നടത്തി, അവശ്യമായ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് അന്വേഷണ ഏജന്‍സികള്‍ പരിശോധന നടത്തുന്നത്.-നിര്‍മല സീതാരാമന്‍ ജയ്പൂരില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →