ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ ആദ്യ ആണവനിലയം ഹരിയാനയിലെ ഗോരഖ്പുരില്‍ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. നേരത്തെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിര്‍മിക്കപ്പെട്ട ആണവ, ആണവോര്‍ജ പ്ലാന്റുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകാലത്തെ സുപ്രധാന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും മഹാരാഷ്ട്രയിലുമാണ് മുമ്പ് ആണവനിലയങ്ങള്‍ സ്ഥാപിച്ചിരുന്നത്.
രാജ്യത്തിന്റെ ആണവശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 10 ആണവ റിയാക്ടറുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയതായി ജിതേന്ദ്ര സിങ് പറഞ്ഞു. ആണവോര്‍ജ പ്ലാന്റുകള്‍ തുറക്കാനുള്ള വിഭവസമാഹരണത്തിന് പൊതുമേഖലാ സ്ഥാപനങ്ങളുമായി സംയുക്ത സംരംഭങ്ങള്‍ക്കു രൂപം നല്‍കാനും ആണവോര്‍ജ വകുപ്പിന് അനുമതി കിട്ടിയിട്ടുണ്ട്.
ഗോരഖ്പുര്‍ ഹരിയാന അണു വിദ്യുത് പരിയോജനയുടെ 700 മെഗാവാട്ട് ശേഷിയുള്ള പ്രഷെറെസ്ഡ് ഹെവി വാട്ടര്‍ റിയാക്ടറിന്റെ നിര്‍മാണം ഗോരഖ്പൂര്‍ ഗ്രാമത്തിനു സമീപം തുടങ്ങിക്കഴിഞ്ഞു. ഇതിനായി ഇതുവരെ അനുവദിക്കപ്പെട്ട 20,594 കോടിയില്‍ 4,906 കോടി രൂപയും ചെലവഴിച്ചു. പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശീതീകൃത ജല ആവശ്യകത നിറവേറ്റുന്നതിനായി തൊഹാന മുതല്‍ പദ്ധതികേന്ദ്രം വരെയുള്ള ജലനാളത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഹരിയാന ഇറിഗേഷന്‍ ആന്‍ഡ് വാട്ടര്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് മുഖേനയാണു നിര്‍മിതികള്‍ നടക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്ലാന്റുമായി ബന്ധപ്പെട്ട് മറ്റു പ്രധാന കെട്ടിടങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. പമ്പ്ഹൗസുകള്‍, ഇന്ധന സംഭരണ മേഖല, വെന്റിലേഷന്‍ സ്റ്റാക്ക്, ഓവര്‍ഹെഡ് ടാങ്ക്, സ്വിച്ച്‌യാര്‍ഡ് നിയന്ത്രണ മന്ദിരം, സുരക്ഷയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ തുരങ്കങ്ങളും കിടങ്ങുകളും, സംരക്ഷണ ഭിത്തികള്‍ തുടങ്ങിയവയുടെ നിര്‍മാണമാണു പുരോഗമിക്കുന്നതെന്ന് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു.

