ഭുവനേശ്വര്‍: നിലവിലെ ചാമ്പ്യന്മാരായ കേരളം സന്തോഷ് ട്രോഫി ഫുട്ബോളില്‍ സെമി ഫൈനല്‍ കാണാതെ പുറത്ത്. ഫൈനല്‍സ് എ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പഞ്ചാബിനോട് 1-1 നു സമനില വഴങ്ങിയതാണു കേരളത്തിനു തിരിച്ചടിയായത്. ജയിച്ചാല്‍ മാത്രമേ കേരളത്തിനു സെമി ഫൈനല്‍ ബെര്‍ത്തുറപ്പിക്കാനാകുമായിരുന്നുള്ളു. ഒഡീഷ ഫുട്‌ബോള്‍ അക്കാദമി ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്റെ 24-ാം മിനിറ്റില്‍ വിശാഖ് മോഹനന്‍ കേരളത്തെ മുന്നിലെത്തിച്ചു. പത്ത് മിനിറ്റിനു ശേഷം രോഹിത് ഷെയ്ഖ് കേരളത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു സമനില ഗോളടിച്ചു. പഞ്ചാബിന് സെമി ഉറപ്പിക്കാന്‍ സമനില ധാരാളമായിരുന്നു.
അവസാന മത്സരത്തില്‍ ഒഡീഷയോട് 2-2 നു സമനില വഴങ്ങിയ കര്‍ണാടകയും പഞ്ചാബിനൊപ്പം സെമിയില്‍ കടന്നു. അഞ്ച് മത്സരങ്ങളില്‍നിന്നു 11 പോയിന്റ് നേടിയ പഞ്ചാബ് ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു. ഒന്‍പത് പോയിന്റ് നേടിയ കര്‍ണാടക രണ്ടാമതും എട്ട് പോയിന്റ് നേടിയ കേരളം മൂന്നാമതും ഫിനിഷ് ചെയ്തു. ഗോവയെ 2-0 ത്തിനു തോല്‍പ്പിച്ച മഹാരാഷ്ട്ര ആറ് പോയിന്റുമായി നാലാം സ്ഥാനത്തെത്തി.
അഞ്ച് പോയിന്റ് നേടിയ ഒഡീഷ അഞ്ചാമതാണ്. അഞ്ച് മത്സരങ്ങളും തോറ്റ ഗോവ ഏറ്റവും പിന്നിലായി. ഗോവ 3-2 നു തോല്‍പ്പിച്ചു തുടങ്ങിയ കേരളം കര്‍ണാടകയോട് 1-0 ത്തിനു തോറ്റു. മഹാരാഷ്ട്രയോട് 4-4 നു സമനില വഴങ്ങിയ കേരളം ഒഡീഷയെ 1-0 ത്തിനും തോല്‍പ്പിച്ചു. സൗദി അറേബ്യയിലെ റിയാദിലാണു സെമി, ഫൈനല്‍ മത്സരങ്ങള്‍. പഞ്ചാബിനെതിരേ ഉടനീളം ആക്രമിച്ചു കളിച്ചെങ്കിലും കേരളത്തിന് ജയിക്കാനായില്ല. പഞ്ചാബ് പ്രത്യാക്രമണത്തിലാണു ശ്രദ്ധിച്ചത്. അബ്ദുള്‍ റഹീമിന്റെ പാസ് സ്വീകരിച്ച വിശാഖ് പഞ്ചാബ് ഗോള്‍ കീപ്പര്‍ക്ക് ഒരു സാധ്യതയും നല്‍കാതെ പന്ത് വലയിലാക്കി. 27-ാം മിനിറ്റില്‍ ഗോളെന്നുറച്ച ഷോട്ട് തട്ടിയകറ്റി ഗോള്‍ കീപ്പറും നായകനുമായ മിഥുന്‍ കേരളത്തിന്റെ രക്ഷകനായി. 34-ാം മിനിറ്റില്‍ ഓഫ്സൈഡ് കെണി മറികടന്നു മുന്നേറിയ കമല്‍ദീപ് നല്‍കിയ ക്രോസ് രോഹിത് അനായാസം വലയിലെത്തിച്ചു. തൊട്ടുപിന്നാലെ ഒന്നുരണ്ട് നീക്കങ്ങളുമായി പഞ്ചാബ് ആക്രമിച്ചെങ്കിലും കേരളം അതെല്ലാം വിഫലമാക്കി. രണ്ടാം പകുതിയില്‍ കേരളം ആക്രമണത്തിനു മാത്രമാണ് പ്രാധാന്യം നല്‍കിയത്. ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാനുമായി.
രണ്ടാം പകുതിയിലെ കേരളത്തിന്റെ പ്രകടനം പഞ്ചാബ് ഗോള്‍മുഖത്ത് നിരന്തരം ഭീഷണി സൃഷ്ടിച്ചു. 87-ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. ബി ഗ്രൂപ്പില്‍ ഇന്നു രാവിലെ ഒന്‍പത് മുതല്‍ നടക്കുന്ന നിര്‍ണായക മത്സരങ്ങളില്‍ സര്‍വീസസ് റെയില്‍വേസിനെയും ബംഗാള്‍ മേഘാലയയെയും നേരിടും. വൈകിട്ട് മൂന്ന് മുതല്‍ നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി മണിപ്പുരിനെ നേരിടും.
നാല് കളികളില്‍നിന്ന് 10 പോയിന്റ് നേടിയ സര്‍വീസസ് സെമി ഉറപ്പാക്കി. നാല് കളികളില്‍നിന്ന് ഏഴ് പോയിന്റ് നേടിയ മേഘാലയയും റെയില്‍വേസും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. മണിപ്പുര്‍ ആറ് പോയിന്റും ഡല്‍ഹി രണ്ട് പോയിന്റും നേടി. ഏറ്റവും പിന്നിലുള്ള ബംഗാള്‍ ഒരു പോയിന്റ് നേടി.

