കണ്ണൂർ: സ്വന്തമായി ബാങ്കിൽ നിന്നും വായ്പ എടുത്ത് പലചരക്ക് കടയും വർക് ഷോപ്പും സൈക്കിൾ ഷോപ്പും തുടങ്ങിയതൊക്കെ സർക്കാരിന്റെ സംരംഭക പദ്ധതിയാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണ് സർക്കാർ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സാധാരണക്കാരൻ വായ്പയെടുത്ത് തുടങ്ങിയ സംരംഭങ്ങളും സർക്കാരിന്റേതെന്ന് പറയാൻ മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും നാണമില്ലേയെന്ന്. ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ തുടങ്ങിയെന്നും 2,79,000 പേർക്ക് ജോലി നൽകിയിട്ടുണ്ടെന്നും വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും അവകാശപ്പെട്ടത് കാപട്യമാണെന്നും സതീശൻ പറഞ്ഞു.
ഇന്റേണുകളെ നിയമിച്ച് ബാങ്കുകളിലെ വായ്പാ പട്ടിക ശേഖരിച്ച് അതിലുള്ള സംരംഭങ്ങളെല്ലാം സർക്കാരിന്റേതാണെന്നു പറയാൻ വ്യവസായ മന്ത്രിക്കും നാണമുണ്ടോ? സർക്കാർ സഹായത്തോടെ ആരംഭിച്ച സംരംഭങ്ങളുടെ പട്ടിക പുറത്ത് വിടാൻ ധൈര്യമുണ്ടോ? കോവിഡ് കാലത്ത് നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾ തങ്ങളുടെ കയ്യിലുള്ള അവസാന സമ്പാദ്യം ഉപയോഗിച്ച് ആരംഭിച്ച സംരംഭങ്ങളെ വരെ സർക്കാരിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇക്കാര്യം പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടിയതാണെന്നും സതീശൻ പറഞ്ഞു.