കോഴിക്കോട്: ജെൻഡർ നൂട്രാലിറ്റി എന്നത് അപഹാസ്യകരമാണെന്നും ആണും പെണ്ണും അല്ലാത്ത ഒരു വിഭാഗം ലോകത്തില്ലെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം വ്യക്തമാക്കി. ജെൻഡർ നൂട്രാലിറ്റി കൊണ്ടുവന്ന് നമ്മുടെ സാമൂഹികജീവിത -കുടുംബ വ്യവസ്ഥ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആണും പെണ്ണും അല്ലാത്ത ഒരു വിഭാഗം ലോകത്ത് ഉണ്ടെന്ന് ഇസ്ലാം പറയുകയോ പഠിപ്പിക്കുകയോ ചെയ്യുന്നില്ല. ഖുർആനിൽ എല്ലായിടത്തും സ്ത്രീയേയും പുരുഷനേയും മാത്രമാണ് അഭിസംബോധന ചെയ്തിട്ടുള്ളത്. ഈ രണ്ടു വിഭാഗമല്ലാത്ത മറ്റൊരു വിഭാഗം ഉണ്ടെന്ന് ഇസ്ലാംമതം വിശ്വസിക്കുന്നില്ല’ സലാം പറഞ്ഞു.
ഒരു സ്ത്രീ താൻ പുരുഷനാണെന്ന് പ്രഖ്യാപിച്ച് ശരീരത്തിലെ ചില അവയവങ്ങളൊക്കെ മുറിച്ചുമാറ്റി. ഒരു വർഷം കഴിഞ്ഞപ്പോൾ പുരുഷനെന്ന് അവകാശപ്പെട്ട ഈ സ്ത്രീ പ്രസവിക്കുകയും ചെയ്തതാണ് നാം കണ്ടത്. ശരീരത്തിലെ പുറത്തുള്ള ചില ഭാഗങ്ങൾ മുറിച്ചാലും അകത്തുള്ളത് അവിടെ തന്നെ കിടക്കുമെന്ന് ഓർമയുണ്ടായിരിക്കണം. ഈ കേരളത്തിലാണ് അത് സംഭവിച്ചത്. അതിനെ പുരോഗമനമെന്ന് പറഞ്ഞ് ആഘോഷിച്ചു.
വ്യാജ മാനസികാവസ്ഥയുമായി വന്നിട്ട് അതിന് പുതിയ മാനം കണ്ടെത്തുന്ന സ്ഥിതിയാണുള്ളത്. അതിനെ എതിർക്കുന്നത് വലിയ പാപമായിട്ടാണ് ചിത്രീകരിക്കുന്നത്. എതിർക്കുന്നവരെ പിന്തിരിപ്പൻമാരായും യാഥാസ്ഥിതികരായും ചിത്രീകരിക്കുന്നുവെന്നും പി.എം.എ.സലാം പറഞ്ഞു.
ക്യാമ്പസുകളിലും സമൂഹത്തിലും ലഹരി മരുന്നുകൾ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അറസ്റ്റ് ചെയ്യുന്നതൊക്കെ ഇടതുപക്ഷത്തിന്റെ പ്രവർത്തകരെയാണ്. എസ്എഫ്‌ഐക്കാരും ഡിവൈഎഫ്‌ഐക്കാരുമാണ് ഇത്തരം കേസുകളിൽ പിടിക്കപ്പെട്ട് ജയലിലുള്ളത്. ക്യാമ്പസുകളിൽ കുട്ടികളെ പാർട്ടിയിൽ ചേർക്കുന്നതിന് ലഹരിമരുന്നും സ്വതന്ത്ര ലൈംഗികതയും പ്രചാരം കൊടുത്ത് ഉപയോഗിക്കുന്നു. ലക്ഷ്യബോധവും ധാർമിക മൂല്യവുമില്ലാത്ത ഒരു പുതിയ തലമുറയെ വാർത്തെടുക്കാനുള്ള ശ്രമമാണ് നടത്തിവരുന്നതെന്നും സലാം കൂട്ടിച്ചേർത്തു.