സന്തോഷ് ട്രാഫി : നിര്‍ണായക മത്സരത്തില്‍ കേരളം ഒഡീഷയെ നേരിടും

ഭുവനേശ്വര്‍: സന്തോഷ് ട്രാഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ കേരളം ഒഡീഷയെ നേരിടും. കലിംഗ സ്‌റ്റേഡിയത്തില്‍ 17/02/23 വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മുതലാണു മത്സരം. മൂന്ന് കളികളില്‍നിന്നു നാല് പോയിന്റ് നേടിയ കേരളം നാലാം സ്ഥാനത്താണ്. ഒരു ജയവും തോല്‍വിയും സമനിലയുമാണ് കേരളത്തിന്റെ കൈമുതല്‍. ഒപ്പത്തിനൊപ്പമാണെങ്കിലും ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള ഒഡീഷ മൂന്നാമതായി. ഏഴ് പോയിന്റ് നേടിയ കര്‍ണാടക ഒന്നാമതും പഞ്ചാബ് രണ്ടാം സ്ഥാനത്തുമാണ്. നിലവിലെ ചാമ്പ്യനായ കേരളത്തിന്റെ അവസാന മത്സരം 19/02/23 ഞായറാഴ്ച പഞ്ചാബിനെതിരേയാണ്.

കേരളത്തിന് ഈ രണ്ട് മത്സരങ്ങളിലും ജയം അനിവാര്യമാണ്. ഗ്രൂപ്പിലെ മറ്റു ടീമുകളുടെ മത്സര ഫലത്തെയും അവര്‍ക്ക് ആശ്രയിക്കണം. ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് സെമിയിലെത്തുക. ഒഡീഷയെയും പഞ്ചാബിനെയും തോല്‍പ്പിച്ചാല്‍ കേരളത്തിന് പത്ത് പോയിന്റാകും. 16/02/23 വ്യാഴാഴ്ച മഹാരാഷ്ട്രയും കര്‍ണാടകയും തമ്മിലും പഞ്ചാബും ഗോവയും തമ്മിലും നടക്കുന്ന മത്സരങ്ങളും നിര്‍ണായകമാണ്. കര്‍ണാടകയും പഞ്ചാബും ജയിച്ചാല്‍ ഒരു മത്സരം ബാക്കി നില്‍ക്കേ ഇരുവര്‍ക്കും പത്ത് 10 പോയിന്റാകും. അതോടെ കേരളം പഞ്ചാബിനെ തോല്‍പ്പിക്കുന്നതിനൊപ്പം അന്നു തന്നെ ഒഡീഷയ്‌ക്കെതിരേ കര്‍ണാടക തോല്‍ക്കുകയും വേണം. കര്‍ണാടകയുടെയും പഞ്ചാബിന്റെയും ജയപരാജയങ്ങളെ ആശ്രയിച്ചാണ് കേരളത്തിന്റെ സെമി സാധ്യത.

ആദ്യ മത്സരത്തില്‍ ഗോവയെ 3-2 നു തോല്‍പ്പിച്ച കേരളത്തെ കര്‍ണാടക ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചിരുന്നു. മഹാരാഷ്ട്രയ്‌ക്കെതിരേ 4-4 നു സമനിലയും വഴങ്ങി. 15/02/23 ബുധനാഴ്ച നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ മണിപ്പുര്‍ ബംഗാളിനെ 4-1 നു തോല്‍പ്പിച്ചു. കഴിഞ്ഞ സീസണിലെ റണ്ണര്‍ അപ്പാണു ബംഗാള്‍. റെയില്‍വേസും മേഘാലലയും തമ്മില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. സര്‍വീസസും ഡല്‍ഹിയും തമ്മില്‍ നടന്ന മത്സരം 1-1 നു സമനിലയായി. ഒരു സമനില മാത്രം നേടിയ ബംഗാള്‍ സെമി കാണില്ലെന്ന് ഉറപ്പായി. ആറ് പോയിന്റ് വീതം നേടിയ സര്‍വീസസും മണിപ്പുരും ഒപ്പത്തിനൊപ്പമാണ്. റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണു മത്സരിക്കുന്നത്. സെമി മത്സരങ്ങളും ഫൈനലും സൗദി അറേബ്യയിലെ റിയാദിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →