ബംഗളൂരു: പതിനെട്ടാം നൂറ്റാണ്ടില്‍ മൈസൂര്‍ ഭരിച്ച ടിപ്പു സുല്‍ത്താന്റെ അനുയായികളെയും വകവരുത്താന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീല്‍. ടിപ്പു സുല്‍ത്താന്റെ പിന്‍ഗാമികളെ തുരത്തി കാട്ടിലേക്ക് അയയ്ക്കണമെന്നാണ് വിവാദങ്ങളുടെ സഹയാത്രികനായ കട്ടീലിന്റെ ഏറ്റവുമൊടുവിലത്തെ തീപ്പൊരി.
”ടിപ്പുവിനെ ഞങ്ങള്‍ കാണുന്നത് ആയിരങ്ങളെ നിര്‍ബന്ധിച്ചു മതം മാറ്റിയ ഒരു ഭ്രാന്തന്‍ സ്വേച്ഛാധിപതിയായാണ്. എന്നാല്‍, അദ്ദേഹത്തിന്റെ ജന്മദിനം മുന്‍പ് ഭരണത്തിലിരുന്ന കോണ്‍ഗ്രസ് രണ്ട് വര്‍ഷം ആഘോഷിച്ചു. സിദ്ധരാമയ്യ സര്‍ക്കാര്‍ ടിപ്പുവിനെ ആദ്യകാല സ്വാതന്ത്ര്യ സമര സേനാനി എന്ന നിലയിലാണ് കണ്ടത്”- കോപ്പല്‍ ജില്ലയിലെ യെലബുര്‍ഗയില്‍ ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് കാട്ടീല്‍ തുറന്നടിച്ചു.
ഞങ്ങള്‍ ശ്രീരാമ ഭക്തരാണ്, ഹനുമാന്‍ ഭക്തരാണ്. ഞങ്ങള്‍ ഹനുമാന് പ്രാര്‍ഥനയും പ്രണാമവും അര്‍പ്പിക്കുന്നു. ഞങ്ങളാരും ടിപ്പുവിന്റെ പിന്‍ഗാമികളല്ല. നമുക്ക് ടിപ്പുവിന്റെ സന്തതികളെ മടക്കി അയയ്ക്കാം. ഇവിടെയുള്ളവരോട് ഒന്നേ ചോദിക്കാനുള്ളൂ. നിങ്ങള്‍ ഹനുമാനേ ആരാധിക്കുന്നോ, അതോ ടിപ്പുവിനെ ആരാധിക്കുന്നോ? ടിപ്പുവിന്റെ കടുത്ത അനുയായികള്‍ ഈ മണ്ണില്‍ ജീവനോടെയുണ്ടാകരുതെന്ന് വെല്ലുവിളി ഉയര്‍ത്തുന്നതായും കാട്ടീല്‍ പറഞ്ഞു.
കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താനെയും ഹനുമാനെയും ബന്ധപ്പെടുത്തിയുള്ള തര്‍ക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 2018-ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ചതും ഇതേ വിഷയത്തിലാണ്. പഴയ വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കര്‍ണാടക ഹനുമാന്റെ മണ്ണാണെന്നും അന്ന് യോഗി സമര്‍ഥിച്ചിരുന്നു. കര്‍ണാടകയിലെ 224 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വരുന്ന ഏപ്രില്‍, മേയ് മാസങ്ങളിലാണ്. ഭരണത്തുടര്‍ച്ച കിട്ടുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.

