മന്ത്രി ബാലഗോപാല്‍ ഗവര്‍ണറുടെ വിരുന്നില്‍ പങ്കെടുത്തില്ല

തിരുവനന്തപുരം: പ്രീതി നഷ്ടപ്പെട്ട മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഗവര്‍ണറുടെ വിരുന്നില്‍ പങ്കെടുത്തില്ല. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും ഗവര്‍ണര്‍ ഔദ്യോഗിക വസതിയായ രാജ്ഭവനില്‍ നടത്തുന്ന ചായസല്‍ക്കാരമായ ”അറ്റ് ഹോം” മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ അസാന്നിധ്യംകൊണ്ടാണ് ഇക്കുറി ശ്രദ്ധേയമായത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ചായസല്‍ക്കാരത്തില്‍ പങ്കെടുക്കുകയും ചെയ്തു. തലസ്ഥാനത്തില്ലായിരുന്ന ചില മന്ത്രിമാര്‍ അറ്റ് ഹോമില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ മന്ത്രി ബാലഗോപാല്‍ തിരുവനന്തപുരത്തുതന്നെ ഉണ്ടായിരുന്നുവെന്നാണ് അറിവ്. എന്നിട്ടും അദ്ദേഹം പങ്കെടുക്കാത്തതാണ് ചര്‍ച്ചയായിരിക്കുന്നത്. നേരത്തേ സര്‍ക്കാരുമായി തുറന്നപോരില്‍ ഗവര്‍ണര്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ യു.പിയെക്കുറിച്ച് നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി ബാലഗോപാലില്‍ തനിക്കുള്ള പ്രീതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിന്‍വലിച്ചിരുന്നു. ഇതിന്റെ പേരിലാണോ മന്ത്രി പങ്കെടുക്കാതിരുന്നതെന്നാണു സംശയം. എന്നാല്‍, ബജറ്റിന്റെ തിരക്കിലായതുകൊണ്ടാണ് മന്ത്രി ബാലഗോപാലിന് പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നത്.

അതേസമയം, നേരത്തേ ഗവര്‍ണര്‍ നല്‍കിയ ക്രിസ്മസ് വിരുന്ന് ബഹിഷ്‌കരിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കുറി രാജ്ഭവനില്‍ എത്തി ചായസല്‍ക്കാരത്തില്‍ പങ്കെടുത്തു. സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ എന്നിവരും പങ്കെടുത്തു. റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങുകള്‍ക്കായി വിവിധ ജില്ലകളിലായതിനാല്‍ മറ്റു മന്ത്രിമാരും പങ്കെടുത്തില്ല. കഴിഞ്ഞ വര്‍ഷം ഒകേ്ടാബറിലായിരുന്നു ബാലഗോപാലിലുള്ള പ്രീതി പിന്‍വലിക്കുന്നുവെന്ന് വ്യക്തമാക്കി അസാധാരണ നടപടിയുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്. ഈ പശ്ചാത്തലത്തില്‍ ധനമന്ത്രിക്കെതിരായി ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തും നല്‍കി. നിയമനാധികാരി എന്നനിലയില്‍ ഗവര്‍ണറുടെ പ്രീതി നഷ്ടപ്പെട്ടാല്‍ പിന്നെ മന്ത്രിക്ക് തുടരാനാവില്ലെന്നായിരുന്നു ആരിഫ് മുഹമ്മദ്ഖാന്റെ നിലപാട്. എന്നാല്‍ തനിക്കു മന്ത്രിയില്‍ പ്രീതിയുണ്ടെന്നും നടപടിയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →