ചേര്‍ത്തല: ബി.ബി.സി. ഡോക്യുമെന്ററി വിഷയത്തില്‍ മകന്‍ നടത്തിയ രാഷ്ട്രീയ പരാമര്‍ശം വിവാദമായതിനെക്കുറിച്ചു പ്രതികരിക്കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. മകന്‍ അനില്‍ കെ. ആന്റണി കോണ്‍ഗ്രസില്‍നിന്നും ഐടി സെല്‍ കണ്‍വീനര്‍ സ്ഥാനത്തുനിന്നും രാജിവച്ചതിനു പിന്നാലെയായിരുന്നു ആന്റണിയുടെ ഒഴിഞ്ഞുമാറ്റം. ജന്മനാടായ ചേര്‍ത്തലയില്‍ സഹോദരന്‍ എ.കെ. ജോണിന്റെ മകന്‍ ജോസഫ് കുര്യന്‍ ജോണിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ആന്റണിയെ മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചത്. ഭാര്യ എലിസബത്തിനൊപ്പമെത്തിയ അദ്ദേഹം രാഷ്ട്രീയ വിവാദങ്ങള്‍ക്കില്ലെന്നും പ്രതികരിക്കില്ലെന്നും വ്യക്തമാക്കി. മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്തു പുറത്തിറങ്ങിയപ്പോഴും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു നിലപാട് ആവര്‍ത്തിച്ചു. വിവിധയിടങ്ങളില്‍നിന്നു ചേര്‍ത്തലയിലെത്തിയതിനു മാധ്യമപ്രവര്‍ത്തകര്‍ക്ക് ആന്റണി ആശംസയും നേര്‍ന്നു.