കോഴിക്കോട്: തമിഴ്‌നാട്ടില്‍നിന്നു ഗുഡ്‌സ് ഓട്ടോയില്‍ മൊത്തക്കച്ചവടത്തിനു കൊണ്ടുവന്ന എഴുപത്തയ്യായിരം രൂപ വിലവരുന്ന പതിനയ്യായിരത്തോളം കോഴിമുട്ടകളും ഗുഡ്‌സ് ഓട്ടോയും കളവ് ചെയ്ത കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. കോഴിക്കോട് വെസ്റ്റ്ഹില്‍ തെക്കേ കോയിക്കല്‍ പീറ്റര്‍ സൈമണ്‍ എന്ന സനു, കോഴിക്കോട് മങ്ങോട്ടുവയല്‍ ഇല്ലത്ത് കിഴക്കയില്‍ മീത്തല്‍ കെ.വി. അര്‍ജുന്‍ എന്നിവരെയാണ് നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പുലര്‍ച്ചെ മാര്‍ക്കറ്റിലെത്തിക്കേണ്ട കോഴിമുട്ടകളുമായി അര്‍ധരാത്രിയില്‍ കോഴിക്കോട് നഗരത്തിലെത്തിയതായിരുന്നു ഗുഡ്‌സ് ഓട്ടോ. വണ്ടി വെസ്റ്റ്ഹില്‍ ഭാഗത്ത് റോഡരികില്‍ നിര്‍ത്തി ഡ്രൈവര്‍ കുറച്ചപ്പുറം വിശ്രമിക്കവെയാണു പ്രതികള്‍ കോഴിമുട്ടകളുമായി വണ്ടി കവര്‍ന്നത്. മറ്റൊരു ഓട്ടോയിലെത്തിയ പ്രതികള്‍ ഗുഡ്‌സ് ഓട്ടോ കടത്തിക്കൊണ്ടുപോവുകയായിരുന്നു. വണ്ടി വിജനമായ സ്ഥലത്ത് കൊണ്ടുപോയിട്ട് മുട്ടകള്‍ പല സമയങ്ങളിലായി പാസഞ്ചര്‍ ഓട്ടോയില്‍ കയറ്റി നഗരത്തിലെ വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാളുകളിലുമെല്ലാം ചുരുങ്ങിയ വിലയ്ക്കു വില്‍ക്കുകയായിരുന്നു.
മൊബൈല്‍ ഫോണും മറ്റും ഉപയോഗിക്കാതെ ആസൂത്രിതമായി കളവ് നടത്തിയ പ്രതികളെ സി.സി. ടിവി കാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലൂടെയാണു പിടികൂടിയത്. കളവ് ചെയ്ത ഗുഡ്‌സ് ഓട്ടോറിക്ഷയും കണ്ടെടുത്തു. പ്രതിയായ പീറ്റര്‍ സൈമണ്‍ മുമ്പും നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നടക്കാവ് സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ബി. കൈലാസ് നാഥ്, കിരണ്‍ ശശിധര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി. ശ്രീകാന്ത്, കെ.എ. രാമകൃഷ്ണന്‍, എം.കെ. സജീവന്‍, സി. ഹരീഷ് കുമാര്‍, പി.എം. ലെനീഷ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.