നേതാജി ഇടതുപക്ഷക്കാരനായിരുന്നു: മകള്‍ അനിത ബോസ്

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ആഘോഷിക്കാനുള്ള ആര്‍.എസ്.എസ്. തീരുമാനത്തെ തള്ളി മകള്‍ അനിതാ ബോസ്-ഫാഫ്. ജര്‍മ്മനിയില്‍നിന്നു ഫോണിലൂടെ ദേശീയ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അവര്‍. തന്റെ പിതാവിന്റെ പാരമ്പര്യം ”ഭാഗികമായി ചൂഷണം” ചെയ്യാനാണ് രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നത്. നേതാജി ഇടതുപക്ഷക്കാരനായിരുന്നു. ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രവും പിതാവിന്റെ മതേതരത്വം ഉള്‍ക്കൊള്ളുന്ന ആശയങ്ങളും വേറിട്ടുനില്‍ക്കുന്നതും പൊരുത്തപ്പെടാത്തതുമാണ്. നേതാജി പ്രബോധനം ചെയ്തതുപോലെ എല്ലാ മതങ്ങളെയും ബഹുമാനിക്കുക എന്ന ആശയം ബി.ജെ.പിയും ആര്‍.എസ്.എസും പ്രതിഫലിപ്പിക്കുന്നില്ല.

ഹിന്ദു ആയിരിക്കുമ്പോള്‍ തന്നെ മറ്റ് മതങ്ങളെ ബഹുമാനിച്ചിരുന്ന ആളാണ് നേതാജി. വ്യത്യസ്ത മതങ്ങളിലെ അംഗങ്ങള്‍ തമ്മിലുള്ള സഹകരണത്തിനായിരുന്നു അദ്ദേഹം മുന്‍തൂക്കം നല്‍കിയിരുന്നതെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിയേക്കാളും പ്രത്യയശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം നേതാജിയുമായി കോണ്‍ഗ്രസിനു വളരെയധികം സാമ്യമുണ്ടെന്നു അനിത പറഞ്ഞു.

നേതാജിയുടെ ആദര്‍ശവും ആശയങ്ങളും ഉള്‍ക്കൊള്ളണമെന്നു ആര്‍.എസ്.എസിനു തോന്നിയാല്‍ അത് സ്വാഗതം ചെയ്യുന്നു. പല ഗ്രൂപ്പുകളും നേതാജിയുടെ ജന്മദിനം വ്യത്യസ്ത രീതികളില്‍ ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ അവര്‍ അദ്ദേഹത്തിന്റെ ആശയങ്ങളോടു യോജിക്കാനുള്ള ആര്‍ജവവും കാണിക്കണം- അവര്‍ പറഞ്ഞു.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചു നഗരത്തിലെ ഷാഹിദ് മിനാര്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊതുപരിപാടിയില്‍ ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത് സംസാരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →