കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതി രണ്ടു വര്‍ഷത്തെ പദ്ധതിയാക്കി നടപ്പിലാക്കുവാന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ആദ്യ വര്‍ഷം 14 ലക്ഷവും രണ്ടാമത്തെ വര്‍ഷം 20 ലക്ഷവും പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് വകയിരുത്തും. നടപ്പു സാമ്പത്തിക വര്‍ഷം അനുവദിച്ച 5 ലക്ഷത്തിനു പുറമെ 9 ലക്ഷം രൂപ കൂടി അനുവദിക്കും. അടുത്ത സാമ്പത്തിക വര്‍ഷാവസാനത്തോടെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരജില്ലയാക്കി പ്രഖ്യാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ലാബ് സൗകര്യമില്ലാത്ത എല്ലാ വിദ്യാലയങ്ങളിലും ലാബ് സംവിധാനം ഉറപ്പുവരുത്തും. ചുറ്റുമതിലില്ലാത്തെ എല്ലാ സ്‌കൂളിനും ഒരേ മാതൃകയിലുള്ള ചുറ്റുമതിലും ഗേറ്റും നിര്‍മിക്കും.
വയോജനങ്ങള്‍ക്കുള്ള ഭക്ഷണ വിതരണ പദ്ധതി തുടരാന്‍ യോഗം തീരുമാനിച്ചു. 70 വയസിനു മുകളിലുള്ള വയോജനങ്ങള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷ്യവസ്തുക്കള്‍ ഉറപ്പുവരുത്തുന്നതാണ് പദ്ധതി. ഗ്രാമപഞ്ചായത്തുവഴി അപേക്ഷ സ്വീകരിച്ചാണ് ജില്ലാ പഞ്ചായത്ത് ഈ പദ്ധതി നടപ്പാക്കുന്നത്. ലഹരിവിപത്തിനെതിരെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കുടുംബശ്രീയുമായി സഹകരിച്ച് പദ്ധതി ആരംഭിക്കും. കുട്ടികള്‍ വിദ്യാലയങ്ങള്‍ക്ക് പുറത്ത് പോയി കടകളില്‍ നിന്നും ലഹരി കലര്‍ന്ന വസ്തുക്കള്‍ കഴിക്കുന്നത് തടയാൻ കുടുംബശ്രീയുമായി സഹകരിച്ച് സ്റ്റേഷനറി കടകള്‍ ആരംഭിക്കും.
പദ്ധതിക്ക് ആവശ്യമായി സബ്‌സിഡി തുക ജില്ലാ പഞ്ചായത്ത് നല്‍കും. പൈലറ്റ് പദ്ധതിയായി പിലിക്കോട്, ചായോത്ത് സ്‌കൂളുകളില്‍ സ്‌റ്റേഷനറി കടകള്‍ തുടങ്ങും. കുടുംബശ്രീയുമായി സഹകരിച്ച് പദ്ധതി തുടങ്ങാന്‍ താത്പര്യമുള്ള മറ്റു സ്‌കൂളുകള്‍ക്കും ആവശ്യമായ സഹായങ്ങള്‍ ജില്ലാ പഞ്ചായത്ത് നല്‍കും. ജനുവരി 27 ഉച്ചയ്ക്ക് രണ്ടിനു ജില്ലാ പഞ്ചായത്ത് മത്സ്യസഭ നടത്താന്‍ തീരുമാനിച്ചു. ഫിഷറീസ് വകുപ്പ് പ്രതിനിധികള്‍ തീരദേശപഞ്ചായത്തുകളില്‍ സംഘടിപ്പിച്ച മത്സ്യസഭയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടു പ്രതിനിധികള്‍, ജനപ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ വികസനരേഖ പ്രസിദ്ധികരിക്കാനും ജില്ലാ പഞ്ചായത്ത് യോഗത്തില്‍ തീരുമാനമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി.