തിരുവനന്തപുരം: ചരക്ക് സേവന നികുതി (ജി.എസ്.ടി.)വകുപ്പിനെ മൂന്നായി വിഭജിച്ചുകൊണ്ട് വകുപ്പിന്റെ പുനഃസംഘടന പൂര്‍ത്തിയാക്കി. പുനഃസംഘടിപ്പിച്ച വകുപ്പിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
വരുമാനവര്‍ധന ലക്ഷ്യമാക്കിയാണ് വകുപ്പിന്റെ പുനഃസംഘടന പൂര്‍ത്തിയാക്കുന്നതെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോള്‍ തന്നെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ചനേടുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. ടാക്‌സ്‌പേയര്‍ സര്‍വീസ്, ഓഡിറ്റ്, എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ഇന്റലിജന്‍സ് എന്നിങ്ങനെ മൂന്നു വിഭാഗമായാണു നികുതി വകുപ്പിനെ വിഭജിച്ചത്. രജിസ്‌ട്രേഷനും പരിശോധനയും നടപടിയുമെല്ലാം ഒരേ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇതുവരെ നടപ്പാക്കിയിരുന്നത്. ഇനി ഓരോ ചുമതല ഓരോ വിഭാഗമായിരിക്കും നിര്‍വഹിക്കുക. കൂടുതല്‍ ശാസ്ത്രീയമായ പരിശോധനകളിലൂടെയും വിലയിരുത്തലുകളിലൂടെയും അര്‍ഹമായ നികുതി പിരിച്ചെടുക്കുകയാണ് ലക്ഷ്യം.
ഇനി മുതല്‍ രജിസ്‌ട്രേഷന്‍ നല്‍കുന്നതും നോട്ടീസ് നല്‍കുന്നതും ടാക്‌സ്‌പേയര്‍ സര്‍വീസുകളായിരിക്കും. പരിശോധനയും മറ്റും ഇന്റലിജന്‍സിന് നടത്താം. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥ പുനര്‍വിന്യാസവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 1950-60 മുതലുള്ള നികുതിഘടനയിലാണ് മാറ്റം വന്നിരിക്കുന്നത്. ഡെപ്യൂട്ടി കമ്മിഷണരുടെയും അസിസ്റ്റന്ററ് ടാക്‌സ് ഓഫീസര്‍മാരുടെയും എണ്ണം വര്‍ധിപ്പിച്ചു.
ജി.എസ്.ടി. നിലവില്‍ വന്നതോടെ ചെക്ക്‌പോസ്റ്റുകള്‍ നിര്‍ത്തലാക്കിയിരുന്നു.
പരിശോധന കുറഞ്ഞതോടെ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വാങ്ങുന്ന ചരക്കുകളുടെ നികുതികള്‍ നമുക്കു ലഭിക്കുന്നതിലും തടസമുണ്ടായി. മറ്റ് സംസ്ഥാനങ്ങളില്‍നിന്നു വാങ്ങുന്ന ചരക്കുകള്‍ക്ക് നികുതി ഈടാക്കിയാലും അത് നമുക്ക് ലഭിക്കണമെങ്കില്‍ ബില്ലുകള്‍ ഇവിടെ കിട്ടണം. പലപ്പോഴും അത് കിട്ടുന്നില്ല. ഇതുമൂലം 2-3 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്കു ലഭിക്കാതെ കെട്ടിക്കിടക്കുന്നുണ്ട്. പുതിയ സംവിധാനം വരുന്നതോടെ ഇത് ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയും. ഇത്തരത്തില്‍ പണം നഷ്ടപ്പെടുന്നത് നികത്താനാണ് നഷ്ടപരിഹാരം നല്‍കിയത്. അത് തുടരണമെന്നാണ് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാപാരികള്‍ ശേഖരിക്കുന്ന പണം കൃത്യമായി സര്‍ക്കാരിന് അടച്ചേപറ്റു. ഭൗതിക പരിശോധന പൂര്‍ണമായി ഒഴിവാക്കില്ല. അതേസമയം ശാസ്ത്രീയമായ പരിശോധന നടത്തുകയെന്നതാണ് ഓഡിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

