ഹൈക്കോടതിവിധി സ്‌റ്റേ ചെയ്തു; യു.പി. സര്‍ക്കാരിന് ആശ്വാസം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് ഒ.ബി.സി. സംവരണമില്ലാതെ തെരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശിച്ചുള്ള അലാഹാബാദ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീം കോടതി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംവരണം നല്‍കുന്നതിന് ഒ.ബി.സി. വിഭാഗത്തിന്റെ രാഷ്ട്രീയ പിന്നാക്കാവസ്ഥയെക്കുറിച്ച് മാര്‍ച്ച് 31-നകം റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് ജസ്റ്റിസ് ഡി.െവെ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷനു നിര്‍ദേശം നല്‍കി. ഒ.ബി.സി.

സംവരണം കൂടാതെ തെരഞ്ഞെടുപ്പ് നടത്താനുള്ള ഹൈക്കോടതി വിധിക്കെതിരേയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാനത്ത് ഒ.ബി.സി. കമ്മിഷന്‍ ഇതിനകം രൂപീകരിച്ചിട്ടുണ്ടെന്നും മാര്‍ച്ചോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നും യു.പി. സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ഒ.ബി.സി. സംവരണത്തിനായുള്ള കരട് വിജ്ഞാപനം റദ്ദാക്കിയ അലാഹാബാദ് ഹൈക്കോടതി, നഗരതദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലെ സംവരണം തടയുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിനുള്ള പുതിയ വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കാനും തെരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുമെന്നും സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് സര്‍വേ നടത്തുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.

സംവരണം നല്‍കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തില്ലെന്നും ആവശ്യമെങ്കില്‍ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →