മുംബൈ: കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ അറ്റാദായത്തില്‍ 2021-22 കാലയളവില്‍ വന്‍കുതിപ്പെന്ന് റിപ്പോര്‍ട്ട്. അറ്റാദായം 50.87 ശതമാനം ഉയര്‍ന്ന് 2.49 ലക്ഷം കോടി രൂപയിലെത്തി. ഒ.എന്‍.ജി.സി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, പവര്‍ ഗ്രിഡ്, എന്‍.ടി.പി.സി, സെയില്‍ എന്നിവ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍. ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബി.എസ്.എന്‍.എല്‍) നഷ്ടക്കണക്കില്‍ മുന്നില്‍.
പബ്ലിക് എന്റര്‍പ്രൈസസ് സര്‍വേയിലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപന(സി.പി.എസ്.ഇ) ങ്ങളുടെ പ്രകടനം സംബന്ധിച്ച വിശദാംശങ്ങളുള്ളത്. തൊട്ടു മുന്‍വര്‍ഷത്തെ 1.65 ലക്ഷം കോടി രൂപയില്‍നിന്നാണ് അറ്റാദായം 2.49 ലക്ഷം കോടിയിലേക്ക് ഉയര്‍ന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടത്തിലായിരുന്ന സ്ഥാപനങ്ങളുടെ അറ്റനഷ്ടം 37.82 ശതമാനം കുറഞ്ഞതായും സര്‍വേ പറയുന്നു.
2021-22 സാമ്പത്തിക വര്‍ഷം സക്രിയമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ മൊത്തവരുമാനം 31.95 ലക്ഷം കോടി രൂപയാണ്. 2020-21 സാമ്പത്തിക വര്‍ഷം ഇത് 24.08 ലക്ഷം കോടി രൂപയായിരുന്നു. അതായത് 2021-22 വര്‍ഷത്തിലെ വര്‍ധന 32.65 ശതമാനമാണെന്നും കണക്കുകള്‍ സാക്ഷ്യം. ഇതിനൊപ്പം 2021-22 സാമ്പത്തിക വര്‍ഷം സി.പി.എസ്.ഇകളുടെ പ്രഖ്യാപിത ലാഭവിഹിതം 57.58 ശതമാനം കൂടി 1.15 ലക്ഷം കോടി രൂപയിലെത്തി.
പെട്രോളിയം (ശുദ്ധീകരണവും വിപണനവും), അസംസ്‌കൃത എണ്ണ, ലോജിസ്റ്റിക്‌സ് മേഖലകളുടെ മികച്ച പ്രകടനമാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ വരുമാനവര്‍ധനയ്ക്കു ഗതിവേഗം പകര്‍ന്നത്. ലാഭത്തിലുള്ള സി.പി.എസ്.ഇകളുടെ അറ്റാദായം 2021-22 സാമ്പത്തിക വര്‍ഷം 2.64 ലക്ഷം കോടി രൂപയായി വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 1.89 ലക്ഷം കോടി രൂപയില്‍ നിന്നാണ് ഈ കുതിപ്പ്. വര്‍ധന 39.85 ശതമാനം. ഒ.എന്‍.ജി.സി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍(ഐ.ഒ.സി), പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, എന്‍.ടി.പി.സി, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയില്‍) എന്നിവയാണ് അറ്റാദായക്കണക്കില്‍ മുന്നിലുള്ള അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍.എന്നാല്‍, ടെലികോം മേഖലയിലെ വമ്പന്മാര്‍ നഷ്ടം തുടര്‍ന്നത് തിരിച്ചടിയായി. മഹാനഗര്‍ ടെലികോം നിഗം ലിമിറ്റഡ് (എം.ടി.എന്‍.എല്‍) ബി.എസ്.എന്‍.എലിനു തൊട്ടുപിന്നിലെത്തി. എയര്‍ ഇന്ത്യ അസറ്റ്‌സ് ഹോള്‍ഡിങ് ലിമിറ്റഡ്, ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡ്, അലയന്‍സ് എയര്‍ ഏവിയേഷന്‍ ലിമിറ്റഡ് എന്നിവയാണ് പൊതുമേഖലയില്‍ നഷ്ടത്തിലുള്ള ഇതരസ്ഥാപനങ്ങളില്‍ മുന്നില്‍.



