ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റം തുടരുന്നു.സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ ഒഡീഷ എഫ്.സിയെ 1-0 ത്തിനാണ് തോല്‍പ്പിച്ചത്. കളി തീരാന്‍ നാല് മിനിറ്റ് ശേഷിക്കേ ഗോളടിച്ച സന്ദീപ് സിങ് ഒരു മധുര പ്രതികാരവും വീട്ടി. എവേ മത്സരത്തില്‍ ഒഡീഷ 2-1 നു ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചിരുന്നു. ഗോളടിക്കാന്‍ ലഭിച്ച അവസരങ്ങള്‍ തുലച്ചതു ബ്ലാസ്‌റ്റേഴ്സിന്റെ ജയത്തിന്റെ മാറ്റ് കൂടിയേനേ.

ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി അറിയാതെയുള്ള തുടര്‍ച്ചയായ ഏഴാം മത്സരമാണിത്. ജയത്തോടെ 11 കളികളില്‍നിന്ന് 22 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. 27 പോയിന്റുള്ള മുംബൈ സിറ്റി ഒന്നാമതും 25 പോയിന്റുള്ള നിലവിലെ ചാമ്പ്യന്‍ ഹൈദരാബാദ് എഫ്.സി. രണ്ടാമതുമാണ്. 11 കളികളില്‍നിന്നു 19 പോയിന്റ് നേടിയ ഒഡീഷ ആറാം സ്ഥാനത്താണ്.

ബ്ലാസ്‌റ്റേഴ്‌സ് സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഒരു മാറ്റം വരുത്തി. പ്രതിരോധത്തില്‍ നിഷുകുമാറിന് പകരം ജെസെല്‍ കര്‍ണെയ്‌റോയെ കോച്ച് ഇവാന്‍ വുകുമാനോവിച് നിയോഗിച്ചു. സന്ദീപ് സിങ്, റുയാ ഹോര്‍മിപാം, മാര്‍കോ ലെസ്‌കോവിച്ച് എന്നിവര്‍ തുടര്‍ന്നു. ജീക്‌സണ്‍ സിങ്, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുള്‍ സമദ്, ഇവാന്‍ കലിയുഷ്‌നി എന്നിവര്‍ മധ്യനിരയില്‍ കളിച്ചു. മുന്നേറ്റത്തില്‍ ദിമിത്രിയോസ് ഡയമന്റാകോസും കെ.പി. രാഹുലും. ഗോള്‍വലയ്ക്ക് മുന്നില്‍ പ്രഭ്‌സുഖന്‍ സിങ് ഗില്‍. ഒഡീഷ ഗോള്‍മുഖത്ത് അമരീന്ദര്‍ സിങ്. നരേന്ദര്‍ ഗെലോട്ട്, കാര്‍ലോസ് ഡെല്‍ഗോഡോ, സഹില്‍ പന്‍വര്‍ എന്നിവര്‍ പ്രതിരോധത്തില്‍ കളിച്ചു. മധ്യനിരയില്‍ ഒസാമ മാലിക്, റെയ്‌നിയെര്‍ ഫെര്‍ണാണ്ടസ്, തോയ്ബ സിങ്, ഐസക് ചാക്ചുവാക് എന്നിവരും മുന്നേറ്റത്തില്‍ വിക്ടര്‍ റോഡ്രിഗസ്, നന്ദകുമാര്‍ ശേഖര്‍, പെഡ്രോ മാര്‍ട്ടിനും ജോസഫ് ബാലാഗുവിന്റെ ശിക്ഷണത്തില്‍ ഇറങ്ങി. തുടക്കത്തില്‍ ഒഡീഷയുടെ ആക്രമണമായിരുന്നു. റെയ്‌നിയറിന്റെ ബോക്‌സിന് പുറത്തുനിന്നുള്ള വോളി ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. പതിനെട്ടാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ നീക്കം. കര്‍ണെയ്‌റോയുടെ അടി പുറത്തേക്കായിരുന്നു.

രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റമായിരുന്നു. ലോങ് ബോള്‍ പിടിച്ചെടുത്ത് സഹല്‍ ബോക്‌സില്‍ കടന്നെങ്കിലും വലയിലെത്തിക്കാനായില്ല. 57-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുടെ തകര്‍പ്പന്‍ ക്രോസ് ഒഡീഷ പ്രതിരോധക്കാരന്‍ ഡെല്‍ഗാഡോ കുത്തിയകറ്റി. 65-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനു സുവര്‍ണാവസരം. കര്‍ണെയ്‌റോയുടെ ക്രോസ് ബോക്‌സില്‍. ക്രോസ് മികച്ചതായില്ല. പിന്നാലെ സഹലിന്റെ ലോങ് റേഞ്ച് ബാറിന് മുകളിലൂടെ പറന്നു. 70-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ഡയമന്റാകോസിന് പകരം അപോസ്തലോസ് ജിയാന്നുവും രാഹുലിന് നിഹാല്‍ സുധീഷുമെത്തി. പിന്നീടുള്ള എല്ലാ നീക്കങ്ങള്‍ക്കും പിന്നില്‍ സഹലായിരുന്നു.

79-ാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ അമരീന്ദറിന്റെ പിഴവില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ നേടേണ്ടതായിരുന്നു. ഗെലൊട്ട് അപകടം ഒഴിവാക്കി. 83-ാം മിനിറ്റില്‍ സഹലിന് പകരം ബ്രൈസ് മിറാന്‍ഡ കളത്തില്‍. പിന്നാലെ കിട്ടിയ സുവര്‍ണാവസരം പാഴായി. കര്‍ണെയ്‌റോയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. ലെസ്‌കോവിച്ചിന് റീബൗണ്ട് ലക്ഷ്യത്തിലെത്തിക്കാനായില്ല. അടുത്ത നിമിഷം ഗോള്‍ മിന്നി. മിറാന്‍ഡയുടെ തകര്‍പ്പന്‍ ക്രോസ്. അമരീന്ദര്‍ ഉയര്‍ന്നുചാടി തട്ടി. പക്ഷേ, പന്ത് സന്ദീപിന്റെ തലയിലേക്കു കൃത്യം കിട്ടി. ഒഴിഞ്ഞ വലയിലേക്ക് കുത്തിയിടേണ്ട കാര്യമേ ഉണ്ടായുള്ളൂ സന്ദീപിന്.തുടര്‍ന്ന് രണ്ട് തവണ നിഹാലിന്റെ നീക്കം ബോക്‌സില്‍ അവസാനിച്ചു. അവസാന നിമിഷം ലൂണയ്ക്ക് പകരം വിക്ടര്‍ മോന്‍ഗിലും ജീക്‌സണ്‍ സിങ്ങിന് പകരം ആയുഷ് അധികാരിയും കളത്തിലെത്തി. ജനുവരി മൂന്നിന് ജംഷഡ്പുര്‍ എഫ്.സിയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →