ന്യൂഡല്‍ഹി: 3,000 കോടി രൂപയുടെ ഐ.സി.ഐ.സി.ഐ. ബാങ്ക് വായ്പാത്തട്ടിപ്പ് കേസില്‍ വീഡിയോകോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വേണുഗോപാല്‍ ധൂതിനെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ഐ.സി.ഐ.സി.എ. ബാങ്ക് മുന്‍ സി.ഇ.ഒ: ചന്ദാ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും ഇതേ കേസില്‍ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായിരുന്നു. മൂവരെയും ഡിസംബർ 28 വരെ സി.ബി.ഐ. കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് മുംബൈയിലെ കോടതി ഉത്തരവായി.
ചന്ദാ കൊച്ചാര്‍ ഐ.സി.ഐ.സി.എ. ബാങ്ക് മേധാവിയായിരിക്കേ വീഡിയോകോണ്‍ കമ്പനിക്ക് അനധികൃതമായി വായ്പ അനുവദിച്ചെന്നാണു കേസ്. കൊച്ചാര്‍ ദമ്പതികളെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വേണുഗോപാലിന്റെ അറസ്‌റ്റെന്നാണ് സൂചന.അഴിമതി നിരോധനനിയമം, ഗൂഢാലോചന കേസുകളില്‍ സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ കൊച്ചാര്‍ ദമ്പതികള്‍ക്കും വേണുഗോപാലിനും പുറമേ ദീപക് കൊച്ചാറിന്റെ ഉടമസ്ഥതയിലുള്ള നുപവര്‍ റിന്യുവബിള്‍സ് ലിമിറ്റഡ് (എന്‍.ആര്‍.എല്‍), സുപ്രീം എനര്‍ജി, വീഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്.ചന്ദയുടെ ഭര്‍ത്താവ് ദീപക്കിന്റെ ഉടമസ്ഥതയിലുള്ള എന്‍.ആര്‍.എലില്‍ വേണുഗോപാല്‍ 64 കോടി രൂപ നിക്ഷേപിച്ചതിനു പിന്നാലെ വീഡിയോകോണ്‍ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ. ബാങ്ക് 3,000 കോടി രൂപ വായ്പ നല്‍കിയെന്നാണ് കുറ്റപത്രം. ഭര്‍ത്താവിന്റെ കമ്പനിയുടെ നേട്ടത്തിനായി ചന്ദ ഔദ്യോഗികപദവി ദുരുപയോഗം ചെയ്‌തെന്നാണ് ആക്ഷേപം.