നാഗ്പുര്‍: മഹാരാഷ്ട്രയിലെ കര്‍ണാടക അധിനിവേശ പ്രദേശങ്ങളെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കണമെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. ഇത് അതിര്‍ത്തി, ഭാഷ വിഷയം മാത്രമല്ലെന്നും മനുഷ്യത്വത്തിന്റ പ്രശ്‌നമാണെന്നും ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ താക്കറെ പറഞ്ഞു.
” മറാത്തി സംസാരിക്കുന്ന ആളുകള്‍ തലമുറകളായി അതിര്‍ത്തി ഗ്രാമങ്ങളില്‍ ജീവിക്കുകയാണ്. അവരുടെ െദെനംദിന ജീവിതവും ഭാഷയും ജീവിതരീതിയുമെല്ലാം മറാത്തിയാണ്. എന്തുകൊണ്ടാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഒന്നും പറയാത്തത്. രണ്ടു സംസ്ഥാനങ്ങളുടെയും രക്ഷകര്‍ത്താവ് എന്ന നിലയില്‍ ഇടപെടേണ്ട കേന്ദ്രസര്‍ക്കാരിന് അതിനു കഴിയുന്നില്ല.”-താക്കറെ പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയം ആരാണു വഷളാക്കിയതെന്നു കര്‍ണാടകയെ ഉന്നമിട്ടു താക്കറെ ചോദിച്ചു.
അതിര്‍ത്തിത്തര്‍ക്കം പരിഹരിച്ചതാണെന്നും ഒരിഞ്ചു ഭൂമിപോലും അയല്‍സംസ്ഥാനത്തിനു വിട്ടുനല്‍കില്ലെന്നും അടുത്തിടെ കര്‍ണാടക നിയമസഭ പ്രഖ്യാപിച്ചിരുന്നു.1957-ല്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ മുതല്‍ നിലനില്‍ക്കുന്നതാണു ബെല്‍ഗാവി മേഖലയെച്ചൊല്ലിയുള്ള തര്‍ക്കം. ജനസംഖ്യയില്‍ വലിയൊരുഭാഗം മറാത്തി സംസാരിക്കുന്നവര്‍ ആയതിനാല്‍ കര്‍ണാടകയിലെ ബെല്‍ഗാവിക്കുമേല്‍ മഹാരാഷ്ട്ര അവകാശമുന്നയിക്കുന്നുണ്ട്. പഴയ ബോംബെ പ്രസിഡന്‍സിയുടെ ഭാഗമാണു ബെല്‍ഗാവി മേഖല. മറാത്തി സംസാരിക്കുന്ന എണ്ണൂറിലേറെ ഗ്രാമങ്ങള്‍ നിലവില്‍ കര്‍ണാടകയിലാണെന്നും മഹാരാഷ്ട്ര പറയുന്നു.