ബം​ഗളൂരുവിലേക്കുളള സ്വകാര്യ ബസ് ജീവനക്കാർ മദ്യപിച്ചെത്തി: പോലീസിടപെട്ട് യാത്ര റദ്ദാക്കി

പത്തനംതിട്ട: മദ്യപിച്ച് ജീവനക്കാർ തമ്മിലടിച്ചതിനെത്തുടർന്ന് സ്വകാര്യബസ് യാത്ര റദ്ദാക്കി. പത്തനംതിട്ടയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന കല്ലട ബസിന്റെ യാത്രയാണ് പോലീസ് നിർദേശത്തെ തുടർന്ന് റദ്ദാക്കിയത്.

പത്തനംതിട്ട സ്റ്റേഡിയം ജങ്ഷന് സമീപമുള്ള പെട്രോൾ പമ്പിലായിരുന്നു ബസ് പാർക്ക് ചെയ്തിരുന്നത്. അഞ്ചു മണിക്കായിരുന്നു ബസ് പുറപ്പെടേണ്ടിയിരുന്നത്. ഇതിന് മുൻപ് ജീവനക്കാർ മൂന്നുപേരും ചേർന്ന് ക്രിസ്മസ് ആഘോഷം നടത്തുകയും മദ്യപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തർക്കവും തമ്മിൽ തല്ലുമുണ്ടായത്.

ക്ലീനർ കണ്ണൂർ സ്വദേശിയാണ്. ഡ്രൈവർമാർ രണ്ടുപേരും ഇതരസംസ്ഥാന സ്വദേശികളും. ഇവർ തമ്മിലുണ്ടായ തർക്കം ശ്രദ്ധയിൽപ്പെട്ട ആളുകൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ്, ജീവനക്കാർ മദ്യപിച്ചതായി കണ്ടെത്തുകയും യാത്ര റദ്ദാക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു.

ജീവനക്കാർ മൂന്നുപേരേയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കും. ഈ ബസിൽ ബെംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാർക്കായി കമ്പനി ബദൽ സംവിധാനം ഏർപ്പെടുത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →