കോഴിക്കോട് : ബഫര്‍സോണ്‍ ഉപഗ്രഹസര്‍വേയില്‍ അപാകതകളുണ്ടാകുമെന്നാണു സര്‍ക്കാരിന്റെ നിലപാടെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. ജനവാസമേഖല ഏതെന്നു വ്യക്തമാക്കിയായിരിക്കും സുപ്രീം കോടതിയെ സമീപിക്കുകയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു വ്യക്തമാക്കി.
ഇപ്പോഴത്തെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനേ പോകുന്നില്ല. ജനങ്ങളുടെ പരാതി പരിശോധിച്ചു മാറ്റംവരുത്തുന്ന പുതിയ റിപ്പോര്‍ട്ടാണു സമര്‍പ്പിക്കുക. പരാതി നല്‍കാനുള്ള സമയം നീട്ടും. അതിനാണു കമ്മിഷന്റെ കാലാവധി നീട്ടിയത്. അവ്യക്തമായ മാപ്പ് സാധാരണക്കാരനെ മനസിലാക്കാന്‍ പഞ്ചായത്തുകളുടെ സഹകരണം തേടും. റിപ്പോര്‍ട്ട് നല്‍കാന്‍ സമയപരിധി നീട്ടണമെന്നു കോടതിയോട് അപേക്ഷിക്കും. റവന്യു വകുപ്പിന്റെ സഹായം രേഖാമൂലം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ഏജന്‍സിയെ വച്ച് ഉപഗ്രഹമാപ്പിങ് നടത്തിയത്. ചിലര്‍ വിമര്‍ശിക്കാന്‍വേണ്ടി വിമര്‍ശനം നടത്തുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുള്ള സമരത്തില്‍നിന്ന് എല്ലാവരും പിന്മാറണം. പരിശോധന നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥരല്ല. എന്നിട്ടും വനംവകുപ്പാണ് ഇതു ചെയ്തതെന്ന് പ്രചരിപ്പിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
ബഫര്‍സോണ്‍ നിര്‍ണയത്തില്‍ സര്‍ക്കാരിനെതിരേ സമരം നടത്തുമെന്ന് ഇതിനിടെ താമരശേരി അതിരൂപത വ്യക്തമാക്കി. നിലവിലെ ഉപഗ്രഹസര്‍വേ മാപ്പ് പിന്‍വലിച്ച് നേരിട്ടുള്ള സര്‍വേ നടത്തണമെന്ന് അതിരൂപതാ അധ്യക്ഷന്‍ റെമജിയോസ് ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു. സര്‍വേ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വനംമന്ത്രി ഉറക്കം നടിക്കുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി. ഉപഗ്രഹസര്‍വേ റിപ്പോര്‍ട്ട് പിന്‍വലിച്ച് ഫീല്‍ഡ് സര്‍വേയിലൂടെ അതിര്‍ത്തിനിര്‍ണയം നടത്തണമെന്ന ആവശ്യമാണ് താമരശേരി അതിരൂപത മുന്നോട്ടുവയ്ക്കുന്നത്.
വനം വകുപ്പ് ഉദ്യോഗസ്ഥരെ പൂര്‍ണമായും ഒഴിവാക്കി രണ്ടു മന്ത്രിമാരുടെ നേതൃത്വത്തില്‍ വേണം ഫീല്‍ഡ് സര്‍വേ നടത്താനെന്നും കര്‍ഷകരുടെ വിഷമം മനസിലാക്കാതെ മാപ്പ് പ്രസിദ്ധീകരിച്ചവര്‍ക്ക് മാപ്പു നല്‍കാനാവില്ലെന്നും ഇഞ്ചനാനിയില്‍ പറഞ്ഞു. വിഷയത്തില്‍ കര്‍ഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനാണു രൂപതയുടെ തീരുമാനം. ഇന്ന് കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ജനജാഗ്രതാ യാത്രയോടെ പ്രതിഷേധങ്ങള്‍ക്കു തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കരുതല്‍മേഖലയുമായി ബന്ധപ്പെട്ട ഉപഗ്രഹസര്‍വേ റിപ്പോര്‍ട്ടിനെതിരേ ബത്തേരി നഗരസഭാ കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി.കരുതല്‍മേഖലയിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ നേരിട്ടുള്ള സര്‍വേ നടത്തണമെന്നും വനാതിര്‍ത്തിയില്‍നിന്ന് വനത്തിനുള്ളിലേക്ക് കരുതല്‍മേഖല നിശ്ചയിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. കെ.സി. യോഹന്നാന്‍ അവതരിപ്പിച്ച പ്രമേയത്തെ സി.കെ. ആരിഫും രാധാ രവീന്ദ്രനും പിന്തുണച്ചു. നഗരസഭാ ചെയര്‍മാന്‍ ടി.കെ. രമേഷ് അധ്യക്ഷത വഹിച്ചു.

