ഡ്രൈവറുടെ സ്വവര്‍ഗപീഡന പരാതിയില്‍ ഉത്തരാണ്ഡ് മുന്‍മന്ത്രിക്കെതിരേ കേസ്

ഹരിദ്വാര്‍: സ്വവര്‍ഗരതിക്ക് നിര്‍ബന്ധിച്ചെന്ന ഡ്രൈവറുടെ പരാതിയില്‍ ബി.ജെ.പി. മുന്‍ നേതാവ് വിനോദ് ആര്യക്കെതിരേ ഉത്തരാഖണ്ഡ് പോലീസ് കേസെടുത്തു. റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരി വധക്കേസിലെ മുഖ്യപ്രതി പുല്‍കിതിന്റെ പിതാവാണ് മുന്‍ മന്ത്രികൂടിയായ വിനോദ് ആര്യ.സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്നു വിനോദ് ആര്യ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്‌തെന്നും യു.പി. സഹാറന്‍പുര്‍ സ്വദേശിയായ ഡ്രൈവറുടെ പരാതിയില്‍ പറയുന്നു. ഹരിദ്വാറിലെ ജവാലപുര്‍ പോലീസ് സ്‌റ്റേഷനില്‍ ചൊവ്വാഴ്ച രാത്രിയാണ് വിനോദ് ആര്യയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. വിനോദ് ആര്യ ദിവസവും ഡ്രൈവറെക്കൊണ്ട് കാല്‍ തിരുമ്മിക്കുന്ന പതിവുണ്ടായിരുന്നു. അതിനിടെ അനുചിതമായി സ്പര്‍ശിക്കുകയും സ്വവര്‍ഗരതിക്കു നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ്‌ഡ്രൈവര്‍ പറയുന്നത്. നേതാവിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ താന്‍ അവിടെ നിന്ന് ഓടിപ്പോരുകയായിരുന്നുവെന്ന് ഡ്രൈവര്‍ വ്യക്തമാക്കി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും വിനോദ് ആര്യക്കെതിരേ നടപടി വേണമെന്നും പരാതിയിലുണ്ട്.
അതിനിടെ, ഇപ്പോള്‍ താമസിക്കുന്ന ചുട്മല്‍പൂരിലുണ്ടായ ബൈക്കപകടത്തില്‍ പരാതിക്കാരനായ ഡ്രൈവര്‍ക്ക് പരുക്കേറ്റിരുന്നു. അജ്ഞാതനായ ബൈക്ക് യാത്രികന്‍ ഡ്രൈവറെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കോളിളക്കമുണ്ടാക്കിയ അങ്കിത വധത്തില്‍ മകന്‍ പുല്‍കിത് അറസ്റ്റിലായതിനു പിന്നാലെ വിനോദ് ആര്യയെയും ബി.ജെ.പി. യുവനേതാവായ മറ്റൊരു മകനെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഉത്തരാഖണ്ഡ് ഒ.ബി.സി. കമ്മിഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ പദത്തില്‍നിന്നും വിനോദ് ആര്യയ്ക്ക് രാജി വയ്‌ക്കേണ്ടിയും വന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →