ഓട്ടോയില്‍ ലിഫ്റ്റ് നല്‍കി മാല മോഷണം: സഹോദരിമാര്‍ അറസ്റ്റില്‍

കണ്ണൂര്‍: ബസ് സര്‍വീസുകള്‍ കുറവായ സ്ഥലത്തേക്ക് ഓട്ടോ ഷെയര്‍ ചെയ്യാമെന്നുപറഞ്ഞ് പ്രലോഭിച്ച് സ്ത്രീകളുടെയും വയോധികരുടെയും മാല കവരുന്ന സഹോദരിമാര്‍ പിടിയില്‍. തമിഴ്‌നാട് തൂത്തുകുടി അണ്ണാനഗര്‍ പന്ത്രാംസ്ട്രീറ്റിലെ ഭഗവതിയുടെ മക്കളായ നീലി (27), ശാന്തി (30) എന്നിവരെയാണ് ചക്കരക്കല്‍ എസ്.ഐ: വി.എം വിനീഷും സംഘവും അറസ്റ്റ് ചെയ്തത്. ചക്കരക്കല്‍ സ്റ്റാന്‍ഡില്‍വച്ച് മറ്റൊരു കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.

ഡിസംബർ രണ്ടിന് ഓട്ടോ യാത്രയ്ക്കിടെ ഏച്ചൂര്‍ കാഞ്ഞിരോട് തെരുവിലെ രാജീവന്റെ ഭാര്യ ഷൈലജയുടെ മൂന്നര പവന്റെ മാലയും മറ്റൊരു ദിവസം ചക്കരക്കല്‍ സ്വദേശിനിയായ ലീലയുടെ നാലു പവന്റെ മാലയും തൊട്ടടുത്ത ദിവസം മൂന്നുപെരിയയില്‍ നിന്നും ചക്കരക്കല്‍ ഭാഗത്തേക്ക് വരികയായിരുന്ന അങ്കണവാടി ടീച്ചറുടെ നാലു പവന്റെ സ്വര്‍ണമാലയും ഇവര്‍ കവര്‍ന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ ചക്കരക്കല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും പോലിസിന് ലഭിച്ച നിരീക്ഷണ ക്യാമറ ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടുവാന്‍ സഹായകമായത്.
മാല നഷ്ടപ്പെട്ടവരെ വിളിച്ച് ദൃശ്യം കാണിച്ചതോടെ ഇരുവരും ഓട്ടോയില്‍ തങ്ങള്‍ക്കൊപ്പം യാത്ര ചെയ്തവരാണെന്നു തിരിച്ചറിഞ്ഞു. പരിയാരത്ത് വച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച ചന്തപ്പുരയിലെ ശ്യാമളയുടെ രണ്ടര പവന്റെ മാലയും ധര്‍മ്മടം പടുവിലായിയിലെ കുളത്തിന്റവിട ചന്ദ്രികയുടെ ഒന്നര പവന്റെ മാലയും കണ്ണപുരത്ത് വച്ച് വയോധികയുടെ മാലയും അഞ്ചരക്കണ്ടി ഭാഗത്തേക്കുള്ള ഓട്ടോ യാത്രക്കിടെ മറ്റൊരു സ്ത്രീയുടെ മാലയും കവര്‍ന്ന സംഭവം നടന്നിരുന്നു.മോഷ്ടാക്കളെ വിശദമായി ചോദ്യം ചെയ്ത ചക്കരക്കല്‍ പോലിസ് മറ്റു സ്‌റ്റേഷനുകളിലേക്കും വിവരം കൈമാറിയിട്ടുണ്ട്. ബസ് സര്‍വീസ് ഇല്ലാത്ത റൂട്ടികളില്‍ ഓട്ടോ റിക്ഷയില്‍ ലിഫ്റ്റ് നല്‍കിയാണ് പ്രായമായ സ്ത്രീകളുടെ മാല മോഷ്ടിക്കുക.

സംഘത്തിന്റെ സിസിടിവി ദൃശ്യം കഴിഞ്ഞ ദിവസം പോലിസ് പുറത്തുവിട്ടിരുന്നു. ഓട്ടോയില്‍ കയറുന്ന സ്ത്രീകളുടെ മാല മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് അറുത്തെടുത്തശേഷം അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് ഓട്ടോയില്‍ നിന്നും പാതിവഴിക്കിറങ്ങുകയാണ് ഇവരുടെ പതിവ്. മലയാളം നന്നായി സംസാരിക്കുന്നവരാണ് ഇരുവരും. യാത്രക്കാര്‍ക്കൊപ്പം ബസ് സ്‌റ്റോപ്പുകളില്‍ സമയം ചെലവഴിച്ച് പരിചയപ്പെടും. കൂത്തുപറമ്പ് ബസ് സ്റ്റാന്‍ഡില്‍നിന്നും ഇങ്ങനെ പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടുപോയ രണ്ടു സ്ത്രീകളുടെ സിസിടിവി ദൃശ്യങ്ങളാണ് പോലിസ് പുറത്തുവിട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →